ഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് സംഘടനാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡിസിസി അഴിച്ചുപണിക്കുശേഷം ഉമ്മന്‍ ചാണ്ടിയുടെ ആദ്യ ഡല്‍ഹി സന്ദര്‍ശനമാണിത്.
കേരളത്തിലെ പ്രശ്നപരിപരിഹാരത്തിനു ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച മൂന്നിന ഫോര്‍മുലയില്‍ മുഖ്യമാണു സംഘടനാ തിരഞ്ഞെടുപ്പ്. ആദ്യത്തേതു കാര്യോപദേശക സമിതിയായിരുന്നു. രണ്ടാമത്തേതു സമയബന്ധിത അഴിച്ചുപണിയും. രാജ്യവ്യാപകമായി സംഘടനാ തിരഞ്ഞെടുപ്പ് അസാധ്യമല്ലെന്നും അതിന്റെ ആദ്യഘട്ടത്തില്‍ തന്നെ കേരളത്തെ ഉള്‍പ്പെടുത്താവുന്നതാണെന്നും ഉമ്മന്‍ ചാണ്ടി കരുതുന്നു.
ഡിസിസി അഴിച്ചുപണിയിലും അതേക്കുറിച്ചുണ്ടായ വിശകലനങ്ങളിലും അതൃപ്തനായ ഉമ്മന്‍ ചാണ്ടി പാര്‍ട്ടി പരിപാടികളില്‍നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍, ഏറെ കൂടിയാലോചനകള്‍ക്കുശേഷം നടത്തിയ അഴിച്ചുപണി, രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച്, തലമുറമാറ്റത്തിന്റെ വ്യക്തമായ സന്ദേശമായിരുന്നു; ഗ്രൂപ്പുകളുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യലും. ഇതിനോടു തന്ത്രപരമായി പ്രതിഷേധിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കാര്യോപദേശക സമിതിയില്‍നിന്ന് അകന്നുനിന്ന അദ്ദേഹം നോട്ട് റദ്ദാക്കലിനെതിരെ ഹൈക്കമാന്‍ഡ് നടത്തിയ അഖിലേന്ത്യാ സമ്മേളനത്തിലും പങ്കെടുത്തില്ല.
അനുരഞ്ജനത്തിന്റെ പാതയില്‍ ഉമ്മന്‍ ചാണ്ടി ഒരു ചുവടുവയ്ക്കുന്നതും തലയെടുപ്പുള്ള നേതാക്കളെ തന്റെ ദീര്‍ഘകാല രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാക്കാന്‍ രാഹുല്‍ ഗാന്ധി പക്വത കാട്ടുന്നതും അതിന്റെ ഫലമായാണ്.
Discussion about this post