ഡല്‍ഹി: ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഷ്യാ പസിഫിക് മേഖലയില്‍ സൈനിക മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ് നല്‍കിയത്. മേഖലയിലെ അനാവശ്യമായ ചൈനീസ് സൈനിക ഇടപെടല്‍ സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കുന്നതായും ഇക്കാര്യത്തില്‍ നിയന്ത്രണം പാലിക്കാനും മോദി ചൈനയോട് ആവശ്യപ്പെട്ടു. ചൈനയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ നടക്കുന്ന, 65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സുരക്ഷാ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
മേഖലയിലെ ചൈനയുടെ അനാവശ്യ സൈനിക ഇടപെടലുകളെ നിയന്ത്രിക്കുമെന്ന് പലകുറി മുന്നറിയിപ്പ് നല്കിയ ഡൊണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനയ്ക്ക് പരോക്ഷ മറുപടിയുമായി രംഗത്തെത്തിയതിനെ പുതിയൊരു സൈനിക അച്ചുതണ്ട് രൂപപ്പെടുന്നതിന്റെ സൂചനയായിട്ടാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സൈനികമായി മേധാവിത്തം കൈക്കലാക്കാനുള്ള മോഹവും മേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത വൈരാഗ്യബുദ്ധിയുമാണ് സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് മോദി ചൂണ്ടിക്കാട്ടി. സൈനിക കരുത്ത്, വിഭവങ്ങള്‍, സമ്ബത്ത് എന്നിവയില്‍ കാര്യമായ വര്‍ധനയുണ്ടായത് ഏഷ്യപസിഫിക് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ ഗൗരവകരമായ വിഷയമാക്കി മാറ്റിയിട്ടുണ്ടെന്നും മോദി നിരീക്ഷിച്ചു. അതേസമയം, അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സ്വരവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും മോദി അഭിപ്രായപ്പെട്ടു.
തര്‍ക്ക പ്രദേശമായ ദക്ഷിണ ചൈനാ കടലിലെ ദ്വീപുകള്‍ സ്വന്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കീഴില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തുന്ന എക്സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവന്‍ റെക്സ് ടില്ലേഴ്സണും ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ ചൈനയുടെ അനാവശ്യ സൈനിക ഇടപെടലുകള്‍ നിയന്ത്രിക്കണമെന്ന കാര്യത്തില്‍ യുഎസിനും ഇന്ത്യയ്ക്കും സമാന നിലപാടാണുള്ളത്.
Discussion about this post