സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ കെ എന്‍ രാമചന്ദ്രനെ കൊല്‍ക്കത്തയില്‍ കാണാതായതായി സൂചന. പശ്ചിമബംഗാളിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കാണാതായതായി പരാതി. മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെതിരായി സിപിഐഎംഎല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞദിവസമാണ് അദ്ദേഹം യാത്രതിരിക്കുന്നത്. ഇന്നലെ വൈകിട്ട് അദ്ദേഹം കൊല്‍ക്കത്ത റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
കൊല്‍ക്കത്ത നഗരത്തിന് സമീപം കഴിഞ്ഞ ദിവസം പോലീസ് വെടിവയ്പില്‍ രണ്ടുപേരുടെ മരണത്തിന് ഇടയായ ഭൂസമരം നടക്കുന്ന സ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് കെ എന്‍ രാമചന്ദ്രനെ കാണാതായതെന്നാണു വിവരം. കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുന്ന നിലപാട് സ്വീകരിക്കുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായാണ് സംശയിക്കുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം കസ്റ്റഡിയില്‍ എടുത്തു എന്ന വാര്‍ത്തകളെ പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി കെ.എന്‍ രാമചന്ദ്രനെ കാണാതായതായി വിവരം അറിയിച്ചുളള നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
സിപിഐ(എംഎല് റെഡ്സ്റ്റാര്‍) വിഭാഗത്തിന് പ്രാധാന്യമുള്ള നേതൃത്വമാണ് ഭൂസമരം നടത്തുന്നത്. കൊല്‍ക്കത്തയില്‍ മുമ്പു നടന്ന നന്ദിഗ്രാം, സിംഗൂര്‍ എന്നിവിടങ്ങളിലെപ്പോലെ തന്നെ വലിയ സമരമാണ് ഇതും. എന്നാല്‍ ബംഗാളിനു പുറത്തേക്ക് കാര്യമായി വാര്‍ത്തകള്‍ എത്തിയിരുന്നില്ല. പശ്ചിമ ബംഗാളിലെ ഭംഗോറില്‍ ഭൂമി ഒഴിപ്പിക്കലിനിടയില്‍ കര്‍ഷകരുമായി കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. മൊഫിഗുള്‍ ഖാനും ആലംഗിര്‍ എന്ന വിദ്യാര്‍ഥിയുമാണ് പൊലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സിംഗൂരിനേയും നന്ദീഗ്രാമിനേയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഘര്‍ഷമാണ് പശ്ചിമ ബംഗാളിലെ പര്‍ഗാനാസ് ജില്ലയിലെ ഭംഗോറില്‍ നടക്കുന്നത്. സര്‍ക്കാരിന്റെ ഭൂമിഏറ്റെടുക്കലിനെതിരായ പ്രക്ഷോഭത്തില്‍ ഗ്രാമവാസികള്‍ ഒന്നടങ്കം അണിനിരന്നതോടെ പൊലീസ് ഉരുക്കുമുഷ്ടി പ്രയോഗിക്കുകയായിരുന്നു. ഊര്‍ജ്ജ സബ്സ്റ്റേഷന് നിര്‍മ്മാണത്തെ എതിര്‍ത്ത് പ്രതിഷേധവുമായെത്തിയ കര്‍ഷകരെ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ച് നേരിട്ടതോടെയാണ് സംഘര്‍ഷം വെടിവെപ്പില്‍ കലാശിച്ചത്. ഈ സമരത്തിന് നേതൃത്വം നല്‍കുന്നത് സിപിഐഎംഎല്‍ റെഡ് സ്റ്റാറും എഐകെകെഎസുമാണ്. ഇവിടെ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങളെ കാണാനായി എത്തിയതായിരുന്നു കെ.എന്‍ രാമചന്ദ്രന്.
പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഊര്‍ജ്ജ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലായിരുന്നു. 2013ല്‍ 13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്തത്. മാര്‍ക്കറ്റ് വില നല്‍കാതെയാണ് സര്‍ക്കാരിന്റെ ഏറ്റെടുക്കലെന്ന് ആരോപിച്ചാണ് ഭൂമി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തിയത്. പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ പ്രതിഷേധത്തിന് മുന്‍പന്തിയില്‍ നിന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രക്ഷോഭം കനക്കുകയായിരുന്നു.
1967-ല്‍ നക്സല്‍ബാരി കലാപത്തേത്തുടര്ന്ന് സിപിഐ എംഎല് രൂപംകൊണ്ടപ്പോള്‍ മിലിറ്ററി എഞ്ചിനീയറുടെ ജോലി രാജിവച്ച് മുഴുവന്‍ സമയ നക്സല്‍ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ കെ എന്‍ രാമചന്ദ്രന് പിന്നീട് കെ വേണു വിഭാഗവുമായി പിരിഞ്ഞ് സിപിഐ എംഎല് റെഡ്ഫല്ഗ് രൂപീകരിച്ചു. റെഡ്ഫല്ഗില് ഉണ്ടായ പിളര്പ്പിനേത്തുടര്ന്നാണ് സിപിഐ എംഎല് റെഡ്സ്റ്റാര്‍ രൂപീകരിച്ചത്. അതിന്റെ അഖിലേന്ത്യാ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Discussion about this post