ഡല്‍ഹി: സംസ്ഥാനത്തിനു ലഭിച്ചു വന്ന അരി വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
2013-ല്‍ ഭക്ഷ്യ ഭദ്രതാ നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതോടെ ഭക്ഷ്യ കമ്മി സംസ്ഥാനമെന്ന പരിഗണന കേരളത്തിന് നഷ്ടമായി. കേന്ദ്ര പൂളില്‍ നിന്നുള്ള ഭക്ഷ്യ വിഹിതം 46 ശതമാനം പേര്‍ക്ക് മാത്രമായി ചുരുങ്ങുകയും റേഷന്‍ വെട്ടി കുറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി നരേന്ദ്രമോദിയെ കണ്ടത്.
സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ പ്രതിസന്ധിയെ കുറിച്ച് പിണറായി വിജയന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം തുടര്‍ന്നും അനുവദിക്കുക, 2000 മെട്രിക് ടണ്‍ പഞ്ചസാര കൂടുതല്‍ അനുവദിക്കുക, നെല്ല് സംഭരണത്തിന് കേന്ദ്രം നല്‍കാനുള്ള 277 കോടിയുടെ കുടിശിക ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരളം മുന്നോട്ട് വച്ചത്. എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കാമെന്ന ഉറപ്പ് പ്രധാനമന്ത്രി നല്കി.
മുന്‍ഗണനാ പട്ടികയില്‍ പെടുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവള വികസനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും സംസ്ഥാനം തേടി. ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ മുഖ്യമന്ത്രി നാളെ കാണും.
Discussion about this post