ഡല്‍ഹി: പ്രശസ്ത ഗായകന് ഡോ.കെ.ജെ.യേശുദാസിന് പദ്മവിഭൂഷണ് പുരസ്കാരം നല്കി ആദരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്ടനും മലയാളിയുമായ പി.ആര്.ശ്രീജഷിന് പദ്മശ്രീ പുരസ്കാരം ലഭിക്കും. യേശുദാസിനെ കൂടാതെ മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി, എന്‍സിപി സ്ഥാപകന്‍ ശരദ് പവാര്‍ എന്നിവര്‍ക്കും പദ്മവിഭൂഷണ് ലഭിക്കും.
അന്തരിച്ച ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിന് മരണാനന്തര ബഹുമതിയായും പദ്മവിഭൂഷണ് ലഭിക്കും. ലോക്സഭാ മുന്‍ സ്പീക്കര്‍ പി.എ.സാഗ്മ, മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പഠ്വ എന്നിവര്‍ക്കും പദ്മവിഭൂഷണ് പുരസ്കാരം ലഭിക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് വിരാട് കോഹ്ലിക്ക് പദ്മശ്രീ പുരസ്കാരം സമ്മാനിക്കും. റിയോ ഒളിമ്പികിസില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍, ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ, മോഹനവീണ സംഗീതജ്ഞന് വിശ്വമോഹന്‍ ഭട്ട്, ഗായിക അനുരാധ പൗട്വാള് എന്നിവരെയും പദ്മശ്രീ നല്കി രാഷ്ട്രം ആദരിക്കും. റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ചാണ് യേശുദാസിന് പുരസ്കാരം നല്കി ആദരിക്കുന്നത്.
Discussion about this post