തിരുവനന്തപുരം: കേരളത്തിന് പൊലീസ് മെഡല്‍ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൃത്യസമയത്ത് ഫയല്‍ സമര്‍പ്പിക്കാത്തതുകൊണ്ടാണ് കേരളത്തിന് മെഡലുകള്‍ നഷ്ടമായത്. ഐഎഎസ-ഐപിഎസ് ചേരിപ്പോര് കാരണം കൃത്യസമയത്ത് മെഡല്‍ പട്ടിക സംബന്ധിച്ച ഫയല്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതിന്റെ ഉത്തരവാദി ആഭ്യന്തരവകുപ്പാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയോളമാണ് ഫയല്‍ ആഭ്യന്തരവകുപ്പില്‍ കെട്ടികിടന്നത്. കേരളത്തിന് ഇത് നാണക്കേടാണെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍നിന്നുള്ളവര്‍ക്ക് പൊലീസ് മെഡല്‍ ലഭിക്കില്ലെന്ന് ഇന്നലെയാണ് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ (www.mha.nic.in) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് മെഡലുള്ളതായി പറയുന്നില്ല. അവാര്‍ഡിന് പരിഗണിക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക ഒക്ടോബര്‍ 26ന് മുമ്പ് കൈമാറണമെന്ന് സെപ്റ്റംബര്‍ 28ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. നിരവധി കത്തുകള്‍ അയച്ചിട്ടും കേരളത്തില്‍നിന്ന് പ്രതികരണമുണ്ടായില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജനുവരി 11നാണ് സംസ്ഥാനങ്ങളുടെ പട്ടിക അന്തിമപരിശോധനക്കായി കേന്ദ്രം എടുത്തത്. ഇതിനു തലേന്നാള്‍ മാത്രമാണ് കേരളത്തില്‍നിന്നുള്ള പട്ടിക ലഭിച്ചതെന്നും അധികൃതര്‍ പറയുന്നു.
യഥാസമയം നടപടിക്രമങ്ങള്‍ പാലിക്കാതെ ഫയല്‍ നല്കുന്നതില് വീഴ്ച വരുത്തിയതിനാല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ കേരളത്തിന് ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് വന്നത്.
Discussion about this post