വാഷിങ്ടണ്‍: മുസ്ലീം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പ് വെച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സോമാലിയ, യെമന്‍ എന്നീ 7 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ ക്രിസ്ത്യാനികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുകയെന്നും ട്രംപ് പറഞ്ഞു.
ഇസ്ലാമിക് തീവ്രവാദികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് തടയാനുള്ള നടപടിയാണിത്. അത്തരക്കാര്‍ അമേരിക്കയില്‍ വേണ്ട. അമേരിക്കയെ അഗാധമായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ മാത്രമേ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂവെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
‘വേള്‍ഡ് ട്രേഡ് ആക്രമണ സംഭവത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഞങ്ങളൊരിക്കലും മറക്കില്ല. പെന്റഗണില്‍ ജീവന് നഷ്ടപ്പെട്ടവരേയും മറക്കാന്‍ കഴിയില്ല. വാക്കുകള്‍ കൊണ്ട് മാത്രമല്ല നടപടികള്‍ കൊണ്ടും ഞങ്ങള്‍ അവരോട് ആദരവ് കാണിക്കും. അതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.’ട്രംപ് വ്യക്തമാക്കി.
‘പ്രൊട്ടക്ഷന്‍ ഓഫ് ദി നേഷന്‍ ഫ്രം ഫോറിന് ടെററിസ്റ്റ് എന്‍ട്രി ഇന്‍ടു ദി യുഎസ്’ എന്ന പേരിലാണ് ഉത്തരവ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷവും രാജ്യത്തേക്കുള്ള തീവ്രവാദികളുടെ പ്രവേശനം തടയാന്‍ മുന്‍ അമേരിക്കന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്ന് ഉത്തരവില്‍ ട്രംപ് കുറ്റപ്പെടുത്തി.
ട്രംപിന്റെ ഉത്തരവിനെ അപലപിച്ചും പ്രതിഷേധം അറിയിച്ചും ഡെമോക്രാറ്റുകളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. മുസ്ലീമുങ്ങളോടുള്ള വിവേചനമാണ് ഉത്തരവില്‍ പ്രകടമാകുന്നത്. അഭയാര്‍ത്ഥികളില്‍ ക്രിസ്ത്യാനികള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
Discussion about this post