ഡല്‍ഹി: ജസ്റ്റിസ് നവനിതി പ്രസാദ് സിങ് കേരളാ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. നിലവില്‍ പട്ന ഹൈക്കോടതി ജഡ്ജിയാണ് ഇദ്ദേഹം. കേരളാ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.
കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായ മോഹന്‍ എം. ശാന്തനഗൗഡറും ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപക് ഗുപ്തയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കപ്പെടുന്ന ഒഴിവിലേക്കാണ് ഈ മാറ്റം. കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം. ശാന്തനഗൗഡര്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
അതിനിടെ, സുപ്രീം കോടതിയിലേക്ക് അഞ്ചു പുതിയ ജഡ്ജിമാരുടെ പേരുകള്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ നേതൃത്വത്തിലുള്ള കൊളീജിയം കേന്ദ്ര സര്‍ക്കാരിനു ശിപാര്‍ശചെയ്തു. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണത്തില്‍ സമീപകാലത്ത് ഏറ്റവും കുറവുണ്ടായിരിക്കെയാണിത്. ശിപാര്‍ശചെയ്യപ്പെട്ട സുപ്രീം കോടതി ജഡ്ജിമാരില്‍ നാലുപേര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ഒരാള്‍ ഹൈക്കോടതി ജഡ്ജിയുമാണ്.
Discussion about this post