പെരിന്തല്‍മണ്ണ: ഒന്നരക്കോടിരൂപയുടെ കുഴല്‍പ്പണവുമായി പെരിന്തല്‍മണ്ണയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വേങ്ങര കച്ചേരിപ്പടി സ്വദേശികളായ പാലശ്ശേരി ഷറഫുദ്ദീന് (40), മണ്ടോട്ടില്‍ ഹാരിസ് (38) എന്നിവരാണ് അറസ്റ്റിലായത്. നോട്ട് അസാധുവാക്കലിനു ശേഷം ജില്ലയില്‍ നടന്ന ഏറ്റവും വലിയ കുഴല്‍പ്പണവേട്ടയാണിത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് പെരിന്തല്‍മണ്ണ മനഴി ബസ്സ്റ്റാന്‍ഡ് പരിസരത്ത് പണമടങ്ങിയ ബാഗുമായി നില്‍ക്കുകയായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്തതിനുശേഷം ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. 2000 രൂപയുടെ നോട്ടുകള്‍ കെട്ടുകളായാണ് സൂക്ഷിച്ചിരുന്നത്. ചോദ്യംചെയ്യലില്‍ പണം വിജയവാഡയില്‍നിന്ന് തീവണ്ടിമാര്‍ഗമാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പറഞ്ഞതായി പോലീസ് പറയുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലയിലെ ഹവാല ഇടപാടുകള്‍ക്കാണ് പണം ഉപയോഗിക്കുന്നതെന്നും വിവരം ലഭിച്ചു. രണ്ടായിരത്തിന്റെ ഇത്രയധികം നോട്ടുകള്‍ ലഭിച്ചതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. അരയില്‍ ഒതുങ്ങിക്കിടക്കുന്ന തരത്തില്‍ പ്രത്യേകം നിര്‍മിച്ച സഞ്ചിയിലാണ് പണം കൊണ്ടുവരുന്നതെന്നും ജില്ലാതിര്ത്തിയിലെത്തിയാല് ബാഗിലാക്കുകയാണ് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രനു ലഭിച്ച വിവരത്തെത്തുടര്‍ന്ന് അഡീഷണല്‍ എസ്.ഐ. വേലായുധനും പ്രത്യേക അന്വേഷണസംഘവും രാത്രി പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
Discussion about this post