റിയോ ഡി ജനീറോ: 2016-ലെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരത്തിന് വേഗത്തിന്റെ രാജകുമാരന് ഉസൈന്‍ ബോള്‍ട്ട് അര്‍ഹനായി. 2016-ല്‍ തൊട്ടതെല്ലാം പൊന്നാക്കിയ ഫുട്ബോളിലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ബാസ്കറ്റ്ബോള്‍ താരം ലെബ്റോണ്‍ ജെയിംസിനേയും പിന്തള്ളിയാണ് ഉസൈന്‍ ബോള്‍ട്ട് പുരസ്കാരത്തിനര്‍ഹനായത്. ഇത് നാലാം തവണയാണ് ബോള്ട്ടിനെത്തേടി ലോറസ് പുര്സകാരമെത്തുന്നത്.
അമേരിക്കയുടെ ജിംനാസ്റ്റിക് താരം സിമോണ്‍ ബെയ്ല്‍സാണ് 2016 ലെ ലോകത്തിലെ മികച്ച വനിതാ കായിക താരം. ഒളിംപിക്സിലെ പതിവ് മെഡല്‍ നേട്ടം ഇത്തവണയും ആവര്‍ത്തിച്ചതാണ് ബോള്‍ട്ടിനെ ലോകത്തിലെ മികച്ച കായിക താരമാക്കിയത്. 2009, 2010, 2013 വര്‍ഷങ്ങളിലും ലോറസ് പുരസ്കാരം നേടിയ ബോള്‍ട്ട് ടെന്നിസ് ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡറര്‍, സെറീന വില്യംസ്, അമേരിക്കയുടെ സര്‍ഫര്‍ താരം കെല്ലി സ്ലാട്ടെര് എന്നിവരുടെ റെക്കോഡിനൊപ്പമെത്തി.
ഫ്രാന്‍സിലെ മൊണോക്കോയില്‍ നടന്ന ചടങ്ങില്‍ കായിക ലോകത്തെ ഓസ്കാര്‍ പുരസ്കാരമെന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം ഇതിഹാസതാരം മൈക്കല്‍ ജോണ്‍സണില്‍ നിന്നാണ് ബോള്‍ട്ട് ഏറ്റുവാങ്ങിയത്. റിയോ ഒളിംപിക്സിലെ മികച്ച പ്രകടനമാണ് സിമോണ്‍ ബെയ്ല്‍സിനെ മികച്ച വനിതാ കായികതാരമാക്കിയത്. നാല് സ്വര്‍ണവും ഒരു വെങ്കലുമാണ് സിമോണ റിയോയില്‍ നേടിയത്. മികച്ച തിരിച്ചുവരവ് നടത്തിയ കായികതാരത്തിനുള്ള പുരസ്കാരത്തിന് അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്സ് അര്‍ഹനായി. 2012-ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് നീന്തല്‍ കുളത്തില്‍ മടങ്ങിയെത്തി അഞ്ച് സ്വര്‍ണവും ഒരു വെള്ളിയുമാണ് ഫെല്‍പ്സ് നീന്തി നേടിയത്.
മികച്ച വഴിത്തിരിവ് നടത്തിയ താരത്തിനുള്ള പുരസ്കാരം ഫോര്‍മുലവണ്‍ താരം നിക്കോ റോസ്ബോര്ഗ് അര്‍ഹനായി. 2014-ലും 2015-ലും രണ്ടാംസ്ഥാനം നേടിയ റോസ്ബര്‍ഗ് പോയവര്‍ഷം ഫോര്‍മുലവണ്‍ പട്ടം പൊരുതിനേടിയതാണ് അവാര്‍ഡിനര്‍ഹനാക്കിയത്. ജൂനിയര്‍ സോക്കര്‍ ലോക ചലഞ്ച് ഫൈനലില്‍ ജാപ്പനീസ് ടീമിനെ എതിരാളികളായ ബാഴ്സലോണ അണ്ടര്‍ 12 ടീം ആശ്വസിപ്പിച്ച നിമിഷമാണ് 2016ലെ ഏറ്റവും മികച്ച കായിക നിമിഷമായി തിരഞ്ഞെടുത്തത്. 108 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം മേജര്‍ ലീഗ് ബെയ്സ് ബോള്‍ കിരീടം സ്വന്തമാക്കിയ ചിക്കാഗോ കബ്സാണ് പോയവര്‍ഷം കണ്ട മികച്ച ടീം.
ഭിന്നശേഷി കളിക്കാരനുള്ള പുരസ്കാരം ഇറ്റലിയുടെ വീല്‍ചെയര്‍ ഫെന്‍സിങ് താരം ബ്രീട്ടെയ്സ് വിയോ നേടി. പ്രചോദനത്തിനുള്ള പുരസ്കാരം റിയോ ഒളിംപിക്സിലെ അഭയാര്‍ഥി ടീമിനാണ്. സ്പെഷ്യല്‍ സ്പിരിറ്റ് ഓഫ് കായിക പുരസ്കാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം നേടിയ ലെസ്റ്റര്‍ സിറ്റി നേടിയെടുത്തു.
Discussion about this post