ഡല്‍ഹി: സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമിടയില് അസമത്വം സൃഷ്ടിക്കുന്ന ദുരാചാരമാണ് മുത്തലാഖെന്ന് സുബ്രഹ്മണ്യന് സ്വാമി. ഇന്ത്യന്‍ സമൂഹത്തിനിടയില്‍ അസമത്വം സൃഷ്ടിക്കുവാനെ ഇത്തരം നിയമങ്ങള്‍ ഇടയാക്കുകയുള്ളു എന്നും മതത്തിന്റെ പേരില്‍ സ്വാതന്ത്ര്യം നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുഛേദം പ്രകാരം ധാര്‍മ്മികയുടെ പേരിലാണ് ചില നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതിലെങ്ങും തലാഖിനെ പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭര്‍ത്താവിനെ ആശ്രയിച്ച് കഴിയുന്ന സ്ത്രീയെ പൊതു ഇടങ്ങളില്‍ പോലും മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്ന നടപടി തികച്ചും അധാര്‍മ്മികമാണ്. യാതൊരുവിധ സുരക്ഷിതത്വവും ഉറപ്പ് നല്കുവാന് സാധിക്കാത്ത ജീവിതമാണ് സ്ത്രീകള്‍ നയിക്കുന്നതെന്നുമാണ് ഇത്തരം നടപടികളിലൂടെ തെളിയുന്നത്. ഹിന്ദു സമൂഹവും ഇത്തരം അധാര്‍മ്മിക നയങ്ങള്‍ പിന്തുടരുന്നതിന് തെളിവാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതെന്നും രണ്ട് ലിംഗക്കാരെയും ഒരുപോലെ പ്രവേശിപ്പിക്കേണ്ട സ്ഥലങ്ങളാണ് ആരാധനാലയങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുത്തലാഖുമായി ബന്ധപ്പെട്ട കേസുകളില്‍ മാര്‍ച്ച് 30നകം അഭിപ്രായം എഴുതി നല്കുവാനാണ് വിവിധ സംഘടനകളോട് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. മുത്തലാഖ് സംബന്ധിച്ച് ജസ്റ്റിസ് ജെ എസ് കെഹര്‍ അധ്യക്ഷനായ ബഞ്ചിനോട് കേന്ദ്രസര്‍ക്കാര്‍ നാല് ചോദ്യങ്ങള്‍ ആരാഞ്ഞിരുന്നു. മുത്തലാഖിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി മെയ് മാസം വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയുടെ പരിഗണനയ്ക്ക് നാല് ചോദ്യങ്ങള്‍ സമര്‍പ്പിച്ചത്. മുത്തലാഖ്, ബഹുഭാര്യത്വം എന്നിവ ഭരണ ഘടന ഉറപ്പു നല്കുന്ന മതവിശ്വാസത്തിനുള്ള അവകാശങ്ങളാല്‍ സംരക്ഷിക്കാനാകുമോ, ഇന്ത്യ ഒപ്പ് വച്ച അന്താരാഷ്ട്ര ഉടമ്പടികള്‍ക്ക് വിരുദ്ധമാണോ മുത്തലാഖും ബഹുഭാര്യത്വവുമെന്നും, കേന്ദ്രസര്‍ക്കാര്‍ ചോദിക്കുന്നു. നിയമത്തിന് മുന്നില്‍ തുല്യരായിരിക്കുവാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങള്‍ക്ക് വിധേയമാണോ മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം എന്നും വ്യക്തി നിയമം മൗലികാവകാശമായി പരിഗണിക്കുവാന്‍ സാധിക്കുമോ എന്നും കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നുണ്ട്.
അലഹബാദ് ഹൈക്കോടതി 2016-ല്‍ മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും മുസ്ലീം വ്യക്തി നിയമപ്രകാരമുള്ള സ്വത്ത് കൈമാറ്റം സ്ത്രീകള്‍ക്ക് മേലുള്ള കടന്ന് കയറ്റമാണെന്നും നിരീക്ഷിച്ചിരുന്നു. മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് മതം നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍ കോടതിക്ക് ചോദ്യം ചെയ്യുവാന്‍ സാധിക്കില്ലെന്ന നിലാപാടാണ് കേസില്‍ സ്വീകരിച്ചിട്ടുള്ളത്.
Discussion about this post