പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ട് സ്ഥിതി ചെയ്യുന്ന ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന നിരോധിത കീടനാശിനിയായ എന്ഡോസല്ഫാന് നീക്കം ചെയ്യണമെന്ന ആവശ്യം അഞ്ച് വര്‍ഷമായിട്ടും നടപ്പായില്ല. എന്ഡോസല്ഫാന് ജില്ലയില്‍ നിന്ന് മാറ്റുമെന്ന് 2014ല്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ദേശീയോദ്യാനമായ സൈലന്റ് വാലിയുടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് തത്തേങ്ങലത്തെ പ്ലാന്റേഷന് കോര്‍പറേഷന്റെ കീഴിലുള്ള കശുമാവിന് തോട്ടത്തില്‍ തളിക്കാനായി എത്തിച്ചിരുന്ന എന്ഡോസല്ഫാനാണ് ഭീഷണി ഉയര്‍ത്തുന്നത്. കീടനാശിനി നിരോധനത്തിന് ശേഷം ബാക്കിവന്ന എന്‍ഡോസള്‍ഫാന്‍ ചോര്‍ച്ചയുണ്ടാകും എന്ന സംശയത്തെത്തുടര്‍ന്ന് 2014് ഒക്ടോബര്‍ 12ന് പുതിയ ബാരലുകളിലേക്ക് മാറ്റി. രണ്ട് മാസത്തിനകം പാലക്കാട് ജില്ലയില്‍ നിന്ന് ഇത് നീക്കം ചെയ്യും എന്നായിരുന്നു അന്നത്തെ ഉറപ്പ്. എന്ഡോസെല്ഫാന് സെല്ലിന്റെ നോഡല്‍ ഓഫിസറായ ഡോ.മുഹമ്മദ് ആഷിഖും, കാസര്‍ഗോഡ് എന്ഡോസല്ഫാന് സെല്ലിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി കളക്ടറുമാണ് ഈ ഉറപ്പ് നല്‍കിയത്. പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ തന്നെ 304 ലിറ്റര്‍ എന്ഡോസല്ഫാന് ബാരലുകളിലാക്കി സൂക്ഷിക്കാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കുകയും ചെയ്തു.
പക്ഷെ അഞ്ച് വര്‍ഷം തികയുമ്പോഴും എന്‍ഡോസള്‍ഫാന്‍ തത്തേങ്ങലത്തെ ഗോഡൗണില്‍ തന്നെ വച്ചിരിക്കുകയാണ്.
കുറച്ചായി എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിട്ടുള്ള ഗോഡൗണില്‍ നിന്ന് രൂക്ഷ ഗന്ധം ഉയരുന്നുണ്ടെന്നു പ്ലാന്റേഷന് കോര്പറേഷന് ജീവനക്കാര്‍ പറയുന്നു.കളക്ടറേറ്റില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം 2014 ഒക്ടോബറിന് ശേഷം പാലക്കാട് ജില്ലാ കളക്ടര്‍ മൂന്നു തവണ ചീഫ് സെക്രട്ടറിക്കും,നാല് തവണ കൃഷിവകുപ്പ് സെക്രട്ടറിക്കും എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത്
നല്‍കിയിട്ടുണ്ട്. ഇതില്‍ തന്നെ 2018 സെപ്റ്റംബറില്‍ നല്കിയ കത്തിന് നാളിതുവരെ മറുപടി പോലും നല്‍കിയിട്ടില്ല. പാലക്കാട് സ്വദേശി രാജീവ് കേരളശ്ശേരിയാണ് വിവരാവകാശ നിയമപ്രകാരം കത്ത് നന്‍കി സര്‍ക്കാരിന്റെ അനാസ്ഥ പുറത്ത് കൊണ്ടു വന്നത്.
എന്ഡോസല്ഫാന് ചോര്‍ന്നാല്‍ അത് ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന ആശങ്ക പരിസരവാസികള്‍ക്കും തൊഴിലാളികള്‍ക്കും ഉണ്ട്. നിലവില്‍ ഗോഡൗണില്‍ നിന്ന് രൂക്ഷ ഗന്ധം ഉയരുന്നതും ഭീതിയുണ്ടാക്കുന്നുണ്ട്.
Discussion about this post