കോട്ടയം: നടൻ വി പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പി തിയറ്റേഴ്സിൽ അംഗമായിരുന്ന അദ്ദേഹം പ്രസിദ്ധനായ നാടക നടൻ കൂടിയാണ്. നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1973ൽ പുറത്തിറങ്ങിയ പെരിയാർ ആയിരുന്നു ആദ്യ സിനിമ. താപ്പാന, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.
മറിമായം എന്ന ഹാസ്യ പരിപാടിയിലെ സുമേഷേട്ടൻ എന്ന കഥാപാത്രത്തിലൂടെ മിനി സ്ക്രീൻ രംഗത്തും ശ്രദ്ധേയനായി. ഫോർട്ട് കൊച്ചി സ്വദേശിയാണ് വി പി ഖാലിദ്. സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ , ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവർ മക്കളാണ്.











