ന്യൂഡൽഹി: കേന്ദ്ര ഭരണസിരാകേന്ദ്രമായ ഡൽഹി കൃഷി ഭവൻ വളപ്പിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ‘ഖദീമി മസ്ജിദ്’ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിക്കായി പൊളിച്ചുനീക്കണമെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഒരു കേന്ദ്ര സർക്കാർ ഓഫീസിന്റെ പരിസരത്ത് സ്ഥിരമായ ഭരണഘടനാ ഇതര അല്ലെങ്കിൽ മതപരമായ നിർമ്മിതികൾ നിലനിർത്തുന്നത് സർക്കാർ സ്വത്തിന്റെ മതേതര സ്വഭാവത്തിന് നിരക്കാത്തതാണെന്നും ഇത് യാതൊരു കാരണവശാലും അനുവദിക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസ് (L&DO) സമർപ്പിച്ച സമഗ്രമായ സ്റ്റാറ്റസ് റിപ്പോർട്ടിലാണ് സർക്കാർ ഈ നിർണ്ണായക നിലപാട് വ്യക്തമാക്കിയത്. പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. 1940-ൽ ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ കരാർ പ്രകാരം പള്ളിയുടെ സംരക്ഷണ സമിതിക്ക് സ്ഥലത്ത് ആരാധന നടത്തുന്നതിന് താൽക്കാലിക അനുമതി മാത്രമാണ് നൽകിയിരുന്നതെന്ന് കേന്ദ്രം കോടതിയെ ബോധ്യപ്പെടുത്തി.
സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി കൃഷി ഭവനും ശാസ്ത്രി ഭവനും സ്ഥിതി ചെയ്യുന്ന വിസ്തൃതമായ ഭൂമിയിൽ നിർമ്മിക്കുന്ന കോമൺ സെൻട്രൽ സെക്രട്ടറിയേറ്റ് കെട്ടിട സമുച്ചയങ്ങളുടെ (ബ്ലോക്ക് 4, 5) പുനർവികസനം രാജ്യത്തിന്റെ പരമാധികാരത്തിനും ഭരണനിർവ്വഹണത്തിനും നിർണായകമാണ്. കേന്ദ്ര സർക്കാരിന്റെ ഭൂമിയിലെ ഒരു നിർദ്ദിഷ്ട സ്ഥാനത്തുതന്നെ പ്രാർത്ഥന നടത്തണമെന്ന് നിർബന്ധം പിടിക്കാൻ ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യാവകാശത്തിന് കഴിയില്ലെന്നും സർക്കാർ സുപ്രീം കോടതി വിധികളെ ഉദ്ധരിച്ച് കൂട്ടിച്ചേർത്തു. പകരം ഈ പള്ളിക്ക് സമീപമുള്ള രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള ഷാഹി മസ്ജിദ് സബ്ദർജംഗ് പ്രാർത്ഥനകൾക്കായി ഉപയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുകയും ചെയ്തു. സെൻട്രൽ വിസ്ത പദ്ധതിക്ക് തടസ്സമായി നിൽക്കുന്ന പള്ളി പൊളിച്ചുനീക്കാൻ അനുമതി നൽകണമെന്നാണ് ഹൈക്കോടതിയോട് കേന്ദ്രം ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.











