പെരുമ്പാവൂരിൽ പോക്‌സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. ആക്രമണം തടയാൻ ശ്രമിച്ച നാട്ടുകാരനും പരിക്കേറ്റു. സംഭവത്തിൽ അറയ്ക്കപ്പടി സ്വദേശിയായ മുഹമ്മദ് അദിനാനെ പെരുമ്പാവൂർ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അതിജീവിതയുടെ വീട്ടിലെത്തിയാണ് പ്രതി ക്രൂരമായ ആക്രമണം നടത്തിയത്.
വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കയ്യിൽ കരുതിയ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും അദിനാൻ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടയിലാണ് നാട്ടുകാരിലൊരാൾക്ക് വെട്ടേറ്റ് കൈയ്ക്ക് പരിക്കേറ്റത്.
വിവരമറിഞ്ഞ് പോലീസ് ഉടനടി സ്ഥലത്തെത്തിയെങ്കിലും ഇതിനോടകം പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പരിസരപ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. രണ്ടുമാസം മുൻപാണ് കേസിനാസ്പദമായ പോക്‌സോ അതിക്രമം നടന്നത്. തുടർന്ന് റിമാൻഡിലായിരുന്ന ഇയാൾ കഴിഞ്ഞ മാസം 18-നാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിൽ അതിജീവിതയെ അപായപ്പെടുത്താൻ എത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.











