ആലപ്പുഴ : അച്ഛനിന്റെ കൈയ്യിൽ നിന്ന് ലോട്ടറി ടിക്കറ്റെടുത്ത മകൾക്ക് ഒന്നാം സമ്മാനം. ആലപ്പുഴ അരൂരിലാണ് സംഭവം. നെട്ടേശ്ശേരിൽ വീട്ടിൽ എൻജെ അഗസ്റ്റിന്റെ പക്കൽ നിന്ന് ടിക്കറ്റെടുത്ത മകൾ ആഷ്ലിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് ലഭിച്ചത്.
സ്ത്രീശക്തിയുടെ ലോട്ടറിക്ക് 883030 നമ്പർ ടിക്കറ്റിനാണ് ഭാഗ്യദേവത കനിഞ്ഞത്. പത്ത് വർഷമായി അഗസ്റ്റിൻ അരൂർ ക്ഷേത്രം കവലയ്ക്ക് സമീപം ദേശീയപാതയോരത്ത് ലോട്ടറി കട നടത്തുകയാണ്. ഇതിനോട് ചേർന്ന് പലവ്യഞ്ജന കച്ചവടവുമുണ്ട്. അച്ഛന്റെ പക്കൽ നിന്ന് മകൾ ആഷ്ലി വല്ലപ്പോഴും ടിക്കറ്റെടുക്കാറുണ്ടായിരുന്നു. അരൂർ വ്യാപാരഭവനിലെ അക്കൗണ്ടന്റാണ് ആഷ്ലി. മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ്.
ജോലിക്ക് പോകുംവഴിയാണ് ആഷ്ലി ലോട്ടറി ടിക്കറ്റ് എടുത്തത്. എപ്പോഴത്തെയും പോലെയാണ് ടിക്കറ്റ് എടുത്തതെങ്കിലും ഇത് അച്ഛന്റെ സ്നേഹാനുഗ്രഹമായി.











