ന്യൂഡൽഹി : ഡൽഹിയിലെ കുടിവെള്ള പ്രശ്നത്തിനെതിരായ നിരാഹാര സമരം മൂലം ആരോഗ്യനില വഷളായ ഡൽഹി ജലവകുപ്പ് മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി ആശുപത്രി വിട്ടു . ഇന്ന് രാവിലെ 10 .30 ഓടെയാണ് ആശുപത്രി വിട്ടത്.
രക്തത്തിലെ ഷുഗർ ലെവൽ കുറഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിഷി ലോക്നായക് ജയ് പ്രകാശ് ആശുപത്രിയിൽ ഐസിയുവിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസമായി അതിഷി നിരാഹാര സമരത്തിലായിരുന്നു. ഇതേ തുടർന്ന് ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ഡോക്ടർമാർ അതിഷിയോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. രാത്രിയോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. ഷുഗർ 36ലേക്ക് എത്തി. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് നാല് മണിയോടെ ലോക്നായക് ജയ് പ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.










