ന്യൂഡൽഹി: പ്രമുഖ കോണ്ടം നിർമ്മാതാക്കളായ ഡ്യൂറെക്സ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ. ഔദ്യോഗിക വെബ്സൈറ്റ് ശേഖരിച്ച ഉപഭോക്താക്കളുടെ പേരുകൾ,ബന്ധപ്പെടാനുള്ള വിവരങ്ങൾ,ഇമെയിൽ വിലാസം,ഷിപ്പിംഗ് വിലാസം, ഓർഡർ വിശദാംശങ്ങൾ എന്നിവ ആർക്ക് വേണമെങ്കിലും പരിശോധിക്കാൻ കഴിയും വിധമാണ് ചോർന്നിരിക്കുന്നത്.
സുരക്ഷാ ഗവേഷകനായ സൗരജീത് മജുംദറാണ് ആദ്യം കണ്ടെത്തിയത്. ബാധിതരായ ഉപഭോക്താക്കളുടെ കൃത്യമായ എണ്ണം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഡ്യൂറെക്സിന്റെ മാതൃകമ്പനിയായ റെക്കിന്റെ വക്താവ് രവി ഭട്നാഗർ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതിനെ കുറിച്ച് സ്ഥിരീകരിച്ചിട്ടില്ല.
ഇവിടെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിലൂടെ ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. വ്യക്തിഗത വിവരങ്ങൾ കവർന്ന് ഉപയോക്താക്കളെ ശല്യപ്പെടുത്താനും സാമ്പത്തിക തട്ടിപ്പുകൾക്കും ഇത് ദുരുപയോഗപ്പെടുത്തിയേക്കാം.










