ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്. മാതാപിതാക്കളുടെ കടുത്ത അവഗണനയും ശ്രദ്ധക്കുറവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് വ്യക്തമായെങ്കിലും മറ്റ് ബാഹ്യമായ ദുരൂഹതകൾ എന്തെങ്കിലും ഉണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം രാവിലെയാണ് കാർത്തികപ്പള്ളി സ്വദേശികളായ രാജേഷ് – താര ദമ്പതികളുടെ ഇളയ മകൻ രാഹുലിനെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴാമത്തെ പ്രസവത്തിനായി അമ്മ താരയെ നാട്ടുകാർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. രണ്ട് വയസ് പ്രായമുള്ള ഒരു കുട്ടിക്ക് ചുരുങ്ങിയത് 12 കിലോഗ്രാം ഭാരം ഉണ്ടായിരിക്കേണ്ടിടത്ത് വെറും 7 കിലോഗ്രാം മാത്രമായിരുന്നു രാഹുലിന്റെ ഭാരം. കടുത്ത വിളർച്ചയും ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞതുമാണ് മരണത്തിലേക്ക് നയിച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ താര ഏഴ് കുട്ടികൾക്കാണ് ജന്മം നൽകിയത്. ഇതിൽ ഒരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. ദമ്പതികളുടെ മോശം ജീവിതരീതിയും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലെ ഗുരുതര വീഴ്ചയും ചൂണ്ടിക്കാട്ടി നാട്ടുകാർ നേരത്തെയും രംഗത്തെത്തിയിരുന്നു. കുട്ടികളെ സ്കൂളിൽ വിടുകയോ ആവശ്യത്തിന് ഭക്ഷണമോ നല്ല വസ്ത്രങ്ങളോ നൽകുകയോ ചെയ്യാതെ അലഞ്ഞുതിരിയാൻ വിടുകയായിരുന്നു പതിവെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളുടെ ഈ ദയനീയ സ്ഥിതി കണ്ട് ഏതാനും മാസം മുമ്പ് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് താരയെയും കുട്ടികളെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നുവെങ്കിലും, കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവർ സ്വന്തം ഇഷ്ടപ്രകാരം അവിടെനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
രണ്ടുവയസുകാരന്റെ ദാരുണ മരണത്തിന് പിന്നാലെ, മാതാപിതാക്കളുടെ സംരക്ഷണത്തിലുള്ള മറ്റ് നാല് കുഞ്ഞുങ്ങളെയും ശിശുക്ഷേമ സമിതിയുടെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ ഉടൻതന്നെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളെ പരിപാലിക്കുന്നതിൽ മാതാപിതാക്കൾ തുടർച്ചയായി വീഴ്ച വരുത്തുന്ന പശ്ചാത്തലത്തിൽ, ഇനിയും ഇവരുടെ പക്കൽ കുട്ടികളെ നിലനിർത്തുന്നത് അപകടകരമാണെന്ന് വിലയിരുത്തി സ്ഥിരമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നിയമനടപടികളിലേക്ക് അധികൃതർ കടന്നിട്ടുണ്ട്. ദമ്പതികളുടെ പക്കൽ അവശേഷിക്കുന്ന മറ്റ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.











