വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെ മുംബൈയിലേക്ക് വിദേശ നേതാക്കൾ വിളിപ്പിച്ചു വരുത്തിയെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം. രാഹുൽ മുതിർന്നവരെപ്പോലെ സംസാരിക്കുമെങ്കിൽ കാര്യക്ഷമവും പക്വതയുള്ളതുമായ ഒരു ചർച്ചയ്ക്ക് താൻ തയ്യാറാണെന്ന് ജയ്ശങ്കർ വ്യക്തമാക്കി. രാഹുലിന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ വച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനെ ചിലർ എന്തിനാണ് എതിർക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, മുംബൈയോട് പ്രതിപക്ഷത്തിന് എന്തോ പ്രത്യേക എതിർപ്പുണ്ടെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിക്ക് പുറത്തു വച്ച് വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ കാണുന്നത് ഇതാദ്യമല്ലെന്ന് ചൂണ്ടിക്കാണിച്ച വിദേശകാര്യ മന്ത്രി മുൻകാല സംഭവങ്ങൾ ഓർമ്മിപ്പിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഷിംലയിൽ വച്ച് പാകിസ്താൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയെ കണ്ടപ്പോൾ അവരെ ആരെങ്കിലും വിളിപ്പിച്ചു വരുത്തിയതാണോ എന്ന് അദ്ദേഹം ചോദ്യമുയർത്തി. സൽമാൻ ഖുർഷിദ് ജയ്പൂരിൽ വച്ച് പാകിസ്താൻ പ്രധാനമന്ത്രിയെ കണ്ടതും പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിലും വഡോദരയിലും അന്താരാഷ്ട്ര നേതാക്കളെ സ്വീകരിച്ചതുമൊക്കെ ഉദാഹരണമായി ജയ്ശങ്കർ നിരത്തി. രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ ഇത്തരം ഉച്ചകോടികളും ചർച്ചകളും സംഘടിപ്പിക്കുന്നത് ഇന്ത്യയുടെ നയതന്ത്ര വികേന്ദ്രീകരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള മുംബൈയിലെ കൂടിക്കാഴ്ചയെ മുൻനിർത്തിയായിരുന്നു രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ആരോപണമുന്നയിച്ചത്. അമേരിക്കൻ ഉദ്യോഗസ്ഥർ വിദേശകാര്യ മന്ത്രിയെ മുംബൈയിലേക്ക് വിളിപ്പിച്ചു വരുത്തിയിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയത്തിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും രാഹുൽ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവും വിദേശകാര്യ മന്ത്രിയും വിഷയത്തിൽ വ്യക്തത വരുത്തി പ്രതിപക്ഷ ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ചത്.










