ഇടുക്കി: ഇടമലക്കുടിയിൽ 15 കാരിയെ വിവാഹം ചെയ്ത 47 കാരൻ സംസ്ഥാനം വിട്ടതായി സൂചന. ശൈശവ വിവാഹം പുറത്തറിഞ്ഞതോടെ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് വിവരം. കണ്ടത്തിക്കുടി സ്വദേശി രാമനാണ് പെൺകുട്ടിയെ വിവാഹം ചെയ്തത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാമനായി ഊർജ്ജിത തിരച്ചിൽ തുടരുകയാണ്. എന്നാൽ ഇയാൾ എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവും ഇല്ല. ഈ സാഹചര്യത്തിലാണ് ഇയാൾ സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനമായിരുന്നു പോലീസിന് ഉണ്ടായിരുന്നത്. ഇതിനിടെ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിൽ ഉള്ളതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. രാമനെ പിടികൂടാൻ അന്വേഷണ സംഘം ഉടൻ തമിഴ്നാട്ടിലേക്ക് തിരിക്കും. സംഭവത്തിൽ മൂന്നാർ പോലീസ് ആണ് അന്വേഷണം നടത്തുന്നത്.
15 കാരിയെ വിവാഹം ചെയ്ത സംഭവത്തിൽ പോക്സോ നിയമ പ്രകാരമാണ് രാമനെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്. നിലവിൽ പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് ഉള്ളത്. രാമനുമായുള്ള പെൺകുട്ടിയുടെ വിവാഹം അസാധുവാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളും രാമന് മേൽ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.












