പശ്ചിമേഷ്യയിൽ തുടരുന്ന രക്തരൂഷിതമായ യുദ്ധവും സൈനിക ഏറ്റുമുട്ടലുകളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. സംഘർഷം മേഖലയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും സമാധാനം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം (MEA) ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളാണ് രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
യുദ്ധം ഇതിനകം തന്നെ നിരവധി നിരപരാധികളുടെ ജീവനെടുക്കുകയും മനുഷ്യജീവിതങ്ങളെ തകർത്തെറിയുകയും ചെയ്തതായി രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി. മേഖലയിലെ ജനങ്ങളെ മാത്രമല്ല, ലോകമെമ്പാടുമുള്ള സാമ്പത്തിക വ്യവസ്ഥയെയും ഈ യുദ്ധം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, വളം, സാമ്പത്തിക ഇടപാടുകൾ (Food, Fuel, Fertiliser and Financial flows) എന്നിവയുടെ വിതരണ ശൃംഖലയെ യുദ്ധം പൂർണ്ണമായും തടസ്സപ്പെടുത്തിയതായും, എത്രയും വേഗം യുദ്ധം അവസാനിപ്പിച്ച് സാധാരണ നില പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലുള്ള ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികളുടെയും സമുദ്രപാതകളിലെ നാവികരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെയും പശ്ചിമേഷ്യയിലെയും ഇന്ത്യൻ എംബസികളും മിഷനുകളും അവിടുത്തെ ഇന്ത്യൻ സമൂഹവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ആവശ്യമായ സമയങ്ങളിൽ കൃത്യമായ ജാഗ്രതാ നിർദ്ദേശങ്ങളും സകലവിധ സഹായങ്ങളും നൽകുന്നുണ്ടെന്നും സമുദ്രപാതകളിലെ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻഗണന നൽകുമെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.











