കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കെ.എസ്.യു. ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് നടപടി. ടെൻഡർ നടപടികൾ പാലിക്കാതെ ‘കാർട്ടൺ ഇന്ത്യ’ എന്ന കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്നാണ് പ്രധാന ആരോപണം.
ഈ കമ്പനി പി.പി. ദിവ്യയുടെ ബിനാമിയുടേതാണെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പി.പി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. നേരത്തെ ഈ വിഷയത്തിൽ അന്വേഷണത്തിനുള്ള അനുമതി സർക്കാർ നൽകിയിരുന്നില്ലെങ്കിലും, നിലവിൽ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17(എ) പ്രകാരമുള്ള അന്വേഷണ അനുമതി ഇപ്പോൾ സർക്കാർ നൽകിയിട്ടുണ്ട്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം നടത്താൻ ഉത്തരവിലുണ്ട്. സിപിഎം നേതാവായ പി.പി. ദിവ്യക്കെതിരെ ഉയർന്ന വൻ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.












