മലയാള സിനിമയിൽ നിന്നും തമിഴിലേക്ക് ചേക്കേറിയ നടിയാണ് പ്രിയാരാമൻ. ഇന്നും ഏവരുടെയും പ്രിയങ്കരിയാണ് നടി. താരത്തിന്റെ വിവാഹവും പിന്നീടുള്ള ജീവിതവും എല്ലാം ഏറെ ചർച്ചയായിരുന്നു. തമിഴിലും മലയാളത്തിലും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ രഞ്ജിത്തിനെയാണ് പ്രിയ വിവാഹം ചെയ്തത്.
1999 ൽ ‘നേസം പുതുസ്’ എന്ന സിനിമയുടെ സെറ്റിൽവച്ചാണ് പ്രിയാരാമനും നടൻ രഞ്ജിത്തും കാണുന്നതും, പിന്നീട് പ്രണയത്തിലായി വിവാഹിതരാവുന്നതും. എന്നാൽ 2014-ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം രഞ്ജിത്ത് നടി രാഗസുധയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനുള്ളിൽ ഇവർ വേർപിരിയുകയും ചെയ്തു. ഇപ്പോഴിതാ വിവാഹ മോചനം നേടി 7 വർഷങ്ങൾക്കുശേഷം ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുന്നുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇരുവരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പ്രിയ രാമനൊപ്പമുളള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് രഞ്ജിത്ത് ആണ്. ഇരുവരുടെയും 22-ാം വിവാഹ വാർഷിക ദിനത്തിലാണ് പ്രിയയുമൊത്തുള്ള ചിത്രങ്ങൾ രഞ്ജിത്ത് പങ്കുവച്ചിരിക്കുന്നത്. “ആരാധക സ്നേഹാശംസകളാൽ തങ്ങളുടെ ജീവിതയാത്ര ഇപ്പോൾ കൂടുതൽ മനോഹരമായിരിക്കുന്നു”വെന്നാണ് രഞ്ജിത്ത് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നിയമപരമായി വിവാഹ മോചിതരായ ഇരുവരും വീണ്ടും ഒന്നിച്ചുവെന്നാണ് ചിത്രങ്ങളിൽനിന്നും വ്യക്തമാകുന്നത്. എന്നാൽ, ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല.
Discussion about this post