അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കാൻ താലിബാൻ ഭരണകൂടം തയ്യാറാകാത്തതിൽ കടുത്ത മുന്നറിയിപ്പുമായി പാകിസ്ഥാൻ. സ്വന്തം മണ്ണിലെ ഭീകരതയെ അടിച്ചമർത്തുന്നതിന് പകരം ഇസ്‌ലാമാബാദിനെ കുറ്റപ്പെടുത്താനാണ് താലിബാൻ ശ്രമിക്കുന്നതെന്നും രാജ്യസുരക്ഷ മുൻനിർത്തി അതിർത്തി കടന്നുള്ള ഭീകരഭീഷണികൾ ഇല്ലായ്മ ചെയ്യാൻ ഏതറ്റം വരെയും പോകാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും പാകിസ്ഥാൻ വ്യക്തമാക്കി. പാകിസ്ഥാൻ പൗരന്മാരുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഭീകരവാദം പാകിസ്ഥാന് ഒരു ‘ചുവന്ന വര’യാണെന്നും വിവരാവകാശ പ്രക്ഷേപണ മന്ത്രാലയം ശനിയാഴ്ച രാത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് ശനിയാഴ്ച നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നത അതിരൂക്ഷമായത്. പാകിസ്ഥാന്റെ തെറ്റായ നയങ്ങളാണ് ഉഭയകക്ഷി ബന്ധം വഷളാക്കുന്നതെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇസ്‌ലാമാബാദ് താൽപ്പര്യം കാണിക്കുന്നില്ലെന്നുമായിരുന്നു ഹുറിയത്ത് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സബീഹുള്ള ആരോപിച്ചത്. പാകിസ്ഥാൻ ചൂണ്ടിക്കാണിക്കുന്ന ഭീകരവിരുദ്ധ പ്രശ്നങ്ങൾക്കും ആക്രമണങ്ങൾക്കും അഫ്ഗാനിസ്ഥാൻ ഉത്തരവാദികളല്ലെന്നും താലിബാൻ വക്താവ് വാദിച്ചു.
എന്നാൽ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ പാകിസ്ഥാൻ, താലിബാന്റെ നിലപാട് വഴിതെറ്റിയതും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നതുമാണെന്ന് തുറന്നടിച്ചു. അഫ്ഗാൻ മണ്ണിൽ താവളമടിച്ചിരിക്കുന്ന ഭീകരർ പാകിസ്ഥാനിൽ നടത്തുന്ന രക്തച്ചൊരിച്ചിൽ അടങ്ങിയിരിക്കാൻ കഴിയില്ലെന്നും, അയൽരാജ്യത്തെ ഭീകരകേന്ദ്രങ്ങൾ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നത് ഒരു തരത്തിലും സഹിക്കില്ലെന്നും പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി. ഡ്യൂറൻഡ് ലൈൻ അതിർത്തിയിൽ തഹ്രീകെ താലിബാൻ പാകിസ്ഥാൻ (TTP) ഉൾപ്പെടെയുള്ള നിരോധിത സംഘടനകൾ നടത്തുന്ന ആക്രമണങ്ങളും ഇതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലുകളും നയതന്ത്ര ബന്ധത്തെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.









