കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നടത്തുന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈ.എസ്.പി) സ്പെഷൽ റിക്രൂട്മെന്റ് റാങ്ക് പട്ടികയിൽ മുൻ എസ്.എഫ്.ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്ക് നൽകി നിയമന ശുപാർശ നൽകിയതായി ഗുരുതര പരാതി. പോലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ പരീക്ഷയുടെ പ്രധാന റാങ്ക് ലിസ്റ്റിൽ പോലും ഉൾപ്പെടാൻ സാധിക്കാതിരുന്ന മുൻ എസ്.എഫ്.ഐ നേതാവ് കെ.ജെ. ജിതിനാണ് ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ പിന്തള്ളി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. സംഭവത്തിൽ സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിന് നൽകിയ ട്രെയിനിങ്ങിനുള്ള അനുമതിയും നിയമന ഉത്തരവും അടിയന്തരമായി തടയണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി പരാതിയിൽ ആവശ്യപ്പെടുന്നു. ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ മാത്രം കേവലം മൂന്നാം ക്ലാസോടെ ബികോം പാസായ വ്യക്തിയാണ്, സബ് ഇൻസ്പെക്ടർ, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, ഹൈക്കോടതി അസിസ്റ്റന്റ്, ഗവ. ഓഡിറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നതും മത്സര പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയതുമായ നിരവധി പ്രഗത്ഭരെ പിന്തള്ളി ഒന്നാം റാങ്കിലെത്തിയത്. പി.എസ്.സി പരീക്ഷാ നടത്തിപ്പിന്റെ സുതാര്യതയെപ്പോലും ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്ന് പരാതിക്കാർ ആരോപിക്കുന്നു.
ഇതിനുപുറമെ, എറണാകുളം ജില്ലയിലെ വിവിധ കോളജ് പ്രിൻസിപ്പൽമാരെ കയ്യേറ്റം ചെയ്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഉൾപ്പെടെ നിരവധി ഗുരുതരമായ എഫ്.ഐ.ആറുകൾ ജിതിന്റെ പേരിലുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ക്രിമിനൽ പശ്ചാത്തലവും കേസുകളുമുള്ള വ്യക്തിക്ക് പോലീസ് സേനയിലെ ഉന്നത തസ്തികയിലേക്ക് വഴിവിട്ട രീതിയിൽ നിയമന ശുപാർശ നൽകിയത് വൻ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും റാങ്ക് പട്ടിക പുനഃപരിശോധിക്കണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെയും പ്രതിപക്ഷ സംഘടനകളുടെയും ആവശ്യം.












