ഫ്ലാറ്റിൽ നാല് ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നിട്ടും നിർമാണ തൊഴിലാളിയെ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് സിമന്റ് കട്ടകളും ചുമന്ന് ഇരുപത്തൊന്നാം നിലയിലേക്ക് പടികൾ കയറിപ്പോകുന്ന വീഡിയൊ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിന് വഴിവെക്കുന്നു. ആഡംബര കെട്ടിട സമുച്ചയത്തിൽ നടന്ന മനുഷ്യത്വരഹിതമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഡിംപ്സ് (Dimps) എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് പ്രസ്തുത വീഡിയോ ആദ്യം പങ്കുവെച്ചത്. തലയിൽ ഭാരമേറിയ രണ്ട് കോൺക്രീറ്റ് ബ്ലോക്കുകൾ സമനിലയോടെ വെച്ച് ഒരു നിർമാണ തൊഴിലാളി പടവുകൾ ഓരോന്നായി കയറിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കെട്ടിടത്തിൽ അത്യാധുനിക രീതിയിലുള്ള നാല് ലിഫ്റ്റുകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും സാധനങ്ങൾ കൊണ്ടുപോകാനോ തൊഴിലാളികൾക്കോ ഇതിൽ പ്രവേശനം നൽകിയിരുന്നില്ല. ലിഫ്റ്റുകൾ റസിഡന്റുകൾക്ക് (താമസക്കാർക്ക്) മാത്രമായി പരിമിതപ്പെടുത്തിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് വീഡിയോ ചിത്രീകരിച്ചയാൾ വ്യക്തമാക്കി.
ലിഫ്റ്റുകൾ കാണിച്ചുകൊണ്ട് “പാവപ്പെട്ട തൊഴിലാളികൾ സാധനങ്ങളുമായി 21 നിലകൾ വരെ നടന്നു കയറേണ്ടി വരുന്നു, ഇങ്ങനെയാണോ നമ്മുടെ രാജ്യം പുരോഗമിക്കുന്നത്” എന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ചയാൾ ആത്മഗതം ചെയ്യുന്നത് കേൾക്കാം. തുടർന്ന് അമിത് സിംഗ് എന്ന എക്സ് (X) ഉപയോക്താവ് ഈ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും വൈറലായതും. അടിസ്ഥാന മാനവികതയുടെ പൂർണ്ണമായ അഭാവമാണ് ഈ സംഭവത്തിൽ കാണാൻ കഴിയുന്നതെന്ന് അദ്ദേഹം കുറിച്ചു.
വീഡിയോ പുറത്തുവന്നതോടെ വൻ വിമർശനമാണ് കെട്ടിട അധികൃതർക്കും ഉടമകൾക്കുമെതിരെ ഉയർന്നത്. സ്വന്തം ചോരയും നീരും നൽകി ഇത്രയും വലിയ കെട്ടിടങ്ങൾ നിർമിക്കുന്ന തൊഴിലാളികൾക്ക് അതേ കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നത് അടിമത്തത്തിന് തുല്യമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള വലിയ കെട്ടിടങ്ങൾ ഉയരുമ്പോഴും നിർമാണ തൊഴിലാളികളോടുള്ള സമഭാവനയിലും മാന്യമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിലും സമൂഹം എത്രത്തോളം പിന്നാക്കമാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു.









