പെട്രോൾ കയറ്റുമതിക്കുള്ള പ്രത്യേക അധിക എക്സൈസ് തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്രസർക്കാർ. അതേസമയം, ഡീസലിന്റെയും വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെയും (ATF) കയറ്റുമതി തീരുവ വർധിപ്പിച്ചു. ഒക്ടോബർ 31ന് ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരമാണ് പുതിയ മാറ്റങ്ങൾ. പെട്രോൾ കയറ്റുമതിക്ക് നേരത്തെയുണ്ടായിരുന്ന ലിറ്ററിന് 2.50 രൂപയുടെ തീരുവയാണ് പൂജ്യമായി കുറച്ചത്. ഡീസലിന്റെ തീരുവ ലിറ്ററിന് 8.50 രൂപയിൽ നിന്ന് 11.50 രൂപയായും വിമാന ഇന്ധനത്തിന്റെ തീരുവ 10.50 രൂപയിൽ നിന്ന് 11 രൂപയായും ഉയർത്തി. പുതിയ നിരക്കുകൾ ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വന്നു.
പശ്ചിമേഷ്യയിലെ സംഘർഷവും ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് പെട്രോളിയം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുമ്പോൾ കൂടുതൽ ലാഭം നേടുന്നതിനായി എണ്ണക്കമ്പനികൾ വിദേശത്തേക്ക് ഇന്ധനം കയറ്റുമതി ചെയ്യാൻ ശ്രമിക്കാം. ഇത് രാജ്യത്തെ ആഭ്യന്തര ലഭ്യതയെ ബാധിക്കാതിരിക്കാനാണ് കയറ്റുമതി തീരുവ ഏർപ്പെടുത്തിയത്. 2026 മാർച്ച് 27നാണ് ഡീസലിനും വിമാന ഇന്ധനത്തിനും ഈ തീരുവ ആദ്യം ഏർപ്പെടുത്തിയത്. പിന്നീട് മെയ് 16 മുതൽ പെട്രോൾ കയറ്റുമതിക്കും തീരുവ ബാധകമാക്കി.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ, പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ വില പരിശോധിച്ച് രണ്ടാഴ്ച കൂടുമ്പോഴാണ് സർക്കാർ തീരുവ നിരക്കുകൾ പുനഃപരിശോധിക്കുന്നത്. ഒക്ടോബർ 16ന് പ്രാബല്യത്തിൽ വന്ന നിരക്കുകൾ പ്രകാരം പെട്രോളിന് 2.50 രൂപയും ഡീസലിന് 8.50 രൂപയും വിമാന ഇന്ധനത്തിന് 10.50 രൂപയുമായിരുന്നു കയറ്റുമതി തീരുവ. പുതിയ തീരുമാനം കയറ്റുമതി മേഖലയിലെ എണ്ണക്കമ്പനികളുടെ ചെലവിനെയും ലാഭത്തെയും ബാധിക്കാം. അതേസമയം, ആഭ്യന്തര ആവശ്യത്തിനായി വിൽക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും നിലവിലുള്ള എക്സൈസ് തീരുവയിൽ മാറ്റമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ തീരുമാനം നേരിട്ട് പെട്രോൾ പമ്പുകളിലെ വിലവർധനവായി മാറുമെന്ന് അർഥമില്ല.








