കണ്ണൂർ ജില്ലയിലെ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികളായ വ്യാപാരികളെ ആക്രമിച്ച് നടത്തിയ വൻ സ്വർണ്ണ കവർച്ചയുടെ മുഖ്യ സൂത്രധാരനും പ്രമുഖ ഹൈവേ കൊള്ളസംഘ തലവനുമായ സുജിത്ത് ഗാന്ധി പൊലീസിന്റെ പിടിയിലായി. കേരളം വിട്ടു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വയനാട്ടിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം തന്ത്രപരമായി സാഹസികമായി കസ്റ്റഡിയിലെടുത്തത്. മുൻപും നിരവധി ഹൈവേ കവർച്ച കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ സുജിത്ത് ഗാന്ധിയുടെ അറസ്റ്റോടെ കേസിൽ നിർണായക പുരോഗതിയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണിൽ ദേശീയപാതയിൽ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപം വെച്ചാണ് കോളിളക്കം സൃഷ്ടിച്ച ഈ കവർച്ച നടന്നത്. മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരി കുമാർ ജലന്ധർ നിഗമും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ആക്രമിച്ച സംഘം 55 ലക്ഷം രൂപയും വലിയ അളവിലുള്ള സ്വർണ്ണവും കവരുകയായിരുന്നു. തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ പരിയാരം പൊലീസ് അതിർത്തിയിൽ നിന്നും കണ്ടെത്തിയിരുന്നു.
കേസിൽ ഉൾപ്പെട്ട മറ്റ് മുഖ്യ പ്രതികളായ സായൂജ്, ജിഷ്ണു, സുന്ദരൻ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിലെ മൈസൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാദേശിക ബിജെപി നേതാവ് സനു സന്തോഷ് ഉൾപ്പെടെയുള്ള മറ്റ് ചില പ്രതികളും കേസിൽ നേരത്തെ തന്നെ പിടിയിലായിരുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ സുജിത്ത് ഗാന്ധിയെ കൂടി വലയിലാക്കിയതോടെ കവർച്ച ചെയ്ത തുകയിലെ ഒരു ഭാഗവും സ്വർണ്ണവും വീണ്ടെടുക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ് അന്വേഷണ സംഘം.








