ന്യൂഡൽഹി; ഇന്ത്യ ജി 20 യുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നത് ലോകത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുന്നതിന് സഹായിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുഎൻ സുരക്ഷാ കൗൺസിലിനും അടിയന്തര പരിശ്കാരങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗത്വത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തുന്നതിനുള്ള ശക്തമായ വക്താവാണ് ഗുട്ടെറസ്. യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ശക്തമാകുന്നതിനിടെയാണ് ഗുട്ടെറസിന്റെ പ്രതികരണം.
ആഗോള സാമ്പത്തിക വ്യവസ്ഥിതി കാലഹരണപ്പെട്ടു. അതിനാൽ സമൂലമായ പുനർനിർമാണം ആവശ്യമാണ്.യുഎൻ സുരക്ഷാ സമിതിയിലും ഇത്തരത്തിൽ മാറ്റം ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സുരക്ഷാ സമിതിയിൽ ഉൾപ്പെടുത്തണോ എന്നത് ഞാനല്ല തീരുമാനിക്കുന്നത്. അംഗരാജ്യങ്ങളാണ് അക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ബഹുമുഖമായ സ്ഥാനമുണ്ട്. ഇന്നത്തെ സാഹചര്യത്തിന് അനുസൃതമായി സുരക്ഷാ കൗൺസിൽ പുനഃസംഘടിപ്പിക്കേണ്ടതുണ്ടൈന്ന് ഗുട്ടെറസ് പറഞ്ഞു.








