ധാക്ക: കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും വൈദ്യുതി ദൗർലഭ്യവും കാരണം വലയുന്ന ബംഗ്ലാദേശിൽ വീണ്ടും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ സജീവമാകുന്നു. പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി (BNP) സർക്കാരിനെതിരെ തലസ്ഥാനമായ ധാക്കയിൽ നാഷണൽ സിറ്റിസൺ പാർട്ടി (NCP) നടത്തിയ കൂറ്റൻ പ്രതിഷേധ റാലിയാണ് ഇന്ത്യ വിരുദ്ധ വികാരങ്ങൾ ഉയർത്താനുള്ള വേദിയായി മാറിയത്.
ആഭ്യന്തരമന്ത്രി സ്വലാഹുദ്ദീൻ അഹമ്മദ്, ഊർജമന്ത്രി ഇഖ്ബാൽ ഹസൻ മഹ്മൂദ് ടുക്കു എന്നിവർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ധാക്കയിലെ നാഷണൽ മ്യൂസിയത്തിന് മുന്നിൽ നടന്ന പ്രതിഷേധ റാലി പെട്ടെന്നാണ് കടുത്ത ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളിലേക്ക് വഴിമാറിയത്. എൻസിപി കൺവീനർ നാഹിദ് ഇസ്‌ലാമിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ ‘ദില്ലി നാ ധാക്ക’ (ദില്ലിയോ ധാക്കയോ) എന്ന മുദ്രാവാക്യം നേതാക്കൾ ഉയർന്നപ്പോൾ ‘ധാക്ക, ധാക്ക’ എന്ന് ജനക്കൂട്ടം ഏറ്റുവിളിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്.
ഇന്ത്യ ബംഗ്ലാദേശിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ നിലവിലെ ബിഎൻപി സർക്കാരിന് സാധിക്കുന്നില്ലെന്നും നാഹിദ് ഇസ്‌ലാം ആരോപിച്ചു. അതിർത്തിയിലെ കൊലപാതകങ്ങൾ, അസമിലും പശ്ചിമ ബംഗാളിലും മുസ്ലിങ്ങൾക്കെതിരെ നടക്കുന്നു എന്ന് ആരോപിക്കുന്ന അക്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശങ്ങൾ. ഇതിനുപുറമെ, 2026 ഡിസംബറിൽ കാലാവധി അവസാനിക്കുന്ന ഗംഗാ ജല പങ്കാളിത്ത കരാറുമായി (Ganga Water Sharing Treaty) ബന്ധപ്പെട്ട് ന്യായമായ വിഹിതം ലഭിച്ചില്ലെങ്കിൽ ജനങ്ങൾ തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വേർപെടുത്തുമെന്ന് മുൻപ് ഭീഷണിപ്പെടുത്തി വിവാദത്തിലായ എൻസിപി എംപി ഹസ്‌നത് അബ്ദുള്ളയും പ്രതിഷേധ റാലിയിൽ പങ്കെടുത്തു. ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷമുള്ള ഇടക്കാല ഭരണകാലത്ത് ഇന്ത്യ വിരുദ്ധ വികാരം ശക്തമായിരുന്നെങ്കിലും, കഴിഞ്ഞ ഫെബ്രുവരിയിൽ താരീഖ് റഹ്മാന്റെ നേതൃത്വത്തിൽ ബിഎൻപി സർക്കാർ അധികാരമേറ്റതോടെ ഇത്തരം പരാമർശങ്ങൾ കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും രാജ്യത്ത് ആഭ്യന്തര പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യ വിരുദ്ധ കാർഡ് വീണ്ടും പുറത്തെടുക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
നിലവിൽ 8.5 ശതമാനത്തിന് മുകളിലാണ് ബംഗ്ലാദേശിലെ നാണയപ്പെരുപ്പം. ഗ്യാസ് ദൗർലഭ്യം മൂലമുണ്ടായ വൈദ്യുതി പ്രതിസന്ധി വസ്ത്രനിർമാണ മേഖലയെയും സാധാരണക്കാരുടെയും ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വസതി വളയുമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന മുന്നറിയിപ്പ്.











