വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരി-ഹവാല സംഘത്തിനെതിരെയുള്ള അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ‘ഓപ്പറേഷൻ ട്രൈഡന്റ്’ (Operation Trident) നടപടികളുടെ ഭാഗമായി ഐസ്വാൾ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന നാല് പ്രമുഖ പ്രതികളെ കൂടി ഇ.ഡി ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. ഇതിന് പുറമെ മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നടത്തിയ തിരച്ചിലിൽ കോടികളുടെ അന്താരാഷ്ട്ര ഹവാല ഇടപാട് വിവരങ്ങൾ അടങ്ങിയ രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
മിസോറം, മണിപ്പൂർ അതിർത്തികൾ കേന്ദ്രീകരിച്ച് വ്യാപിച്ച് കിടന്ന വൻ ലഹരി-ഹവാല നെറ്റ്‌വർക്കിനെതിരെയായിരുന്നു ഇ.ഡി നടപടി. ഐസ്വാൾ സബ് സോണൽ ഓഫീസിലെ ഉദ്യോഗസ്ഥർ നൽകിയ അപേക്ഷ പരിഗണിച്ച് എഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് നൽകിയ പ്രൊഡക്ഷൻ വാറന്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് കേസിൽ (NCB) നിലവിൽ ജയിലിൽ കഴിയുന്ന ചമ്പൈ സ്വദേശി ലാൽറാംമുവാമ, മ്യാന്മർ പൗരനായ തങ്‌ചിൻതുവാങ് (ചിൻതുവാങ്), അസം ശ്രീഭൂമി സ്വദേശി ജബ്രുൽ ഹഖ്, കരിംഗഞ്ച് സ്വദേശി അബു സ്വാലിഹ് എന്നിവരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി ഉയർന്നു.
2025 ഓഗസ്റ്റിൽ പിടികൂടിയ 49.101 കിലോഗ്രാം മെത്താംഫെറ്റമിൻ (Methamphetamine) ലഹരിമരുന്നിന്റെ പ്രധാന വിതരണക്കാരനാണ് മ്യാന്മർ സ്വദേശിയായ ചിൻതുവാങ്. ഇതിന്റെ പ്രധാന സൂത്രധാരനായി പ്രവർത്തിച്ചത് ലാൽറാംമുവാമയായിരുന്നു. അതിർത്തി കടത്തിയെത്തിച്ച ലഹരിമരുന്ന് ഏറ്റുവാങ്ങേണ്ടിയിരുന്നത് ജബ്രുൽ ഹഖാണ്. അറസ്റ്റിലായ അബു സ്വാലിഹിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 11.44 കോടി രൂപയോളം എത്തിയതായും ഇതിൽ 6.67 കോടി രൂപയോളം നേരിട്ട് പണമായി നിക്ഷേപിച്ച ശേഷം ചമ്പൈ ഹവാല ശൃംഖലയിലേക്ക് മാറ്റിയതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മണിപ്പൂരിലെ ചുരാചന്ദ്പൂരിലുള്ള തനിയാങ് (Zenngaihniang) എന്ന വ്യക്തിയുടെ വസതിയിൽ ഇ.ഡി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഹവാല വിവരങ്ങൾ പുറത്തുവന്നത്. ദിവസേനയുള്ള കറൻസി മാറ്റത്തിന്റെയും ഹവാല ഇടപാടുകളുടെയും വിവരങ്ങൾ അടങ്ങിയ ഡയറികളും ക്യാഷ് ബുക്കുകളും ഇവിടെ നിന്ന് പിടിച്ചെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ത്യൻ രൂപയായി ബാങ്ക് അക്കൗണ്ടുകൾ വഴിയും പണമായും സ്വീകരിച്ച്, ഒരു രൂപയ്ക്ക് 42 മുതൽ 43 മ്യാന്മർ ക്യാറ്റ് (Kyat) എന്ന നിരക്കിൽ മാറ്റിയെടുത്ത് മ്യാന്മറിലേക്ക് കടത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്.
ചില ദിവസങ്ങളിൽ ഒരു ദിവസം മാത്രം 54.47 ലക്ഷം രൂപ (ഏകദേശം 26 കോടി ക്യാറ്റ്) വരെ ഇത്തരത്തിൽ മാറ്റിനൽകിയതായി രേഖകളിലുണ്ട്. 2025 ഏപ്രിലിൽ ഒറ്റ ആഴ്ചകൊണ്ട് ഒരു ഏജന്റ് മാത്രം 1.14 കോടി രൂപ കൈപ്പറ്റിയിട്ടുണ്ട്. കൂടാതെ മ്യാന്മർ മൊബൈൽ വാലറ്റായ കെ-പേ (KPay) വഴിയും യു.എസ് ഡോളറുകളായും പണം മാറ്റി നൽകിയിരുന്നു. 10,816 ഡോളർ വരെ ഇത്തരത്തിൽ വിദേശ കറൻസിയാക്കി മാറ്റി. ഹവാല പണം കൈപ്പറ്റുന്നവർക്ക് തിരിച്ചറിയൽ ടോക്കണായി നൽകിയിരുന്ന ഒപ്പിട്ട ഏഴ് 10 രൂപ നോട്ടുകളും തെരച്ചിലിൽ ഇ.ഡി കണ്ടെടുത്തു. സംഘവുമായി ബന്ധപ്പെട്ട 991 ബാങ്ക് അക്കൗണ്ടുകൾ പോലീസ് ഇതിനകം മരവിപ്പിച്ചിട്ടുണ്ട്.
ലഹരിമരുന്നിന് പകരം നിത്യോപയോഗ സാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും മ്യാന്മറിലേക്ക് നൽകുന്ന ‘ഗുഡ്സ് ഫോർ ഡ്രഗ്സ്’ (Goods-for-Drugs) രീതിയാണ് സംഘം പിന്തുടർന്നിരുന്നത്. ഹവാല പണം ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തിക്കാൻ ‘എം/എസ് ഗോ ആൽഫ ട്രിപ്പ്’ എന്ന സ്ഥാപനത്തെ മിനി എ.ടി.എം കൗണ്ടറുകളായി ഉപയോഗിച്ച് 175 കോടിയിലധികം രൂപ ക്രമവിരുദ്ധമായി മാറ്റിയെന്നും ഇ.ഡി കണ്ടെത്തി. ഈ തുക ഉപയോഗിച്ച് വെസ്റ്റ് ബംഗാളിലെ ഫ്ലോർ മില്ലുകൾ, അസാമിലെ ഭക്ഷ്യ എണ്ണ വ്യാപാരികൾ, മിസോറമിലെ പെട്രോൾ പമ്പുകൾ, ഡൽഹിയിലെ വസ്ത്ര-മരുന്ന് വ്യാപാരികൾ എന്നിവർക്ക് പണം നൽകി ഉൽപ്പന്നങ്ങൾ വാങ്ങി ത്ലാബംഗ്, ചമ്പൈ എന്നീ അതിർത്തി നഗരങ്ങൾ വഴി മ്യാന്മറിലെ ലഹരി വിതരണക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു.
ഇത്തരത്തിൽ വൻതോതിലുള്ള ജി.എസ്.ടി ഇൻവോയ്സുകൾ ഇന്ത്യയിൽ ഉണ്ടാക്കിയെങ്കിലും മ്യാന്മറിലേക്ക് നേരിട്ടുള്ള പണമിടപാടുകളുടെ ഡിജിറ്റൽ തെളിവുകൾ ഇല്ലാതാക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു. കേസിൽ കൂടുതൽ അന്താരാഷ്ട്ര ബന്ധങ്ങൾ പുറത്തുകൊണ്ടുവരാനും ഒളിവിലുള്ള ഏജന്റുമാരെ പിടികൂടാനുമുള്ള അന്വേഷണം ഇ.ഡി ഊർജ്ജിതമാക്കിയിട്ടുണ്ട്.









