ന്യൂഡൽഹി: അപരിചിതമായ നമ്പറുകളിൽ നിന്നുള്ള കോളുകളും തട്ടിപ്പുകളും തടയാൻ നിർണായക നീക്കവുമായി കേന്ദ്ര ടെലികോം മന്ത്രാലയം. ഫോൺ ബുക്കിൽ സേവ് ചെയ്യാത്ത നമ്പറുകളാണെങ്കിൽ പോലും വിളിക്കുന്നയാളുടെ ഔദ്യോഗിക പേര് ഇനി മൊബൈൽ സ്ക്രീനിൽ തെളിയും. ‘കോളിങ് നെയിം പ്രസന്റേഷൻ’ (CNAP – സിനാപ്) എന്ന പുതിയ സംവിധാനമാണ് 4G, 5G നെറ്റ്വർക്കുകളിൽ നടപ്പിലാക്കുന്നത്. ട്രൂകോളർ പോലുള്ള തേഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കാതെ തന്നെ നെറ്റ്വർക്ക് തലത്തിൽ പ്രവർത്തിക്കുന്ന സൗകര്യമാണിത്.
ഉപയോക്താക്കൾ സിം കാർഡ് എടുക്കുമ്പോൾ നൽകിയ തിരിച്ചറിയൽ രേഖകളിലെ (Kyc) ഔദ്യോഗിക പേരാണ് കോളർ ഐഡിയായി സ്ക്രീനിൽ കാണിക്കുക. അതിനാൽ വ്യാജ പേരുകളോ വിവരങ്ങളോ നൽകി ആളുകളെ പറ്റിക്കാൻ ഇനി സാധിക്കില്ല. എന്നാൽ മൊബൈൽ ഫോണിൽ ഇതിനകം ഒരു പേര് സേവ് ചെയ്തിട്ടുണ്ടെങ്കിൽ, ആ പേര് തന്നെയായിരിക്കും സ്ക്രീനിൽ തെളിയുക. അതേസമയം ഫോണിൽ സേവ് ചെയ്യാത്ത പുതിയ നമ്പറുകൾ വരുമ്പോൾ മാത്രമായിരിക്കും സിം കാർഡ് രേഖകളിലെ പേര് ദൃശ്യമാകുക.
ബിസിനസ് കണക്ഷനുകൾക്കും കമ്പനികൾക്കും തങ്ങളുടെ ഔദ്യോഗിക ട്രേഡ്മാർക്ക് പേര് (Preferred Name) കോളർ ഐഡിയായി നൽകാനുള്ള പ്രത്യേക സൗകര്യമുണ്ട്. നിലവിലെ ബിസിനസ് കണക്ഷനുകൾ ഉള്ളവർക്ക് പേര് മാറ്റാൻ ടെലികോം ഓപ്പറേറ്റർമാർ വഴിയും, പുതിയ കണക്ഷനുകൾ എടുക്കുമ്പോൾ ഫോമിനൊപ്പവും ഈ ‘പ്രിഫേഡ് നെയിം’ നൽകാം. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നതിനാൽ ഈ കോളർ ഐഡി സേവനം ലഭ്യമാക്കാൻ മൊബൈൽ ഉപയോക്താക്കൾ പ്രത്യേകം സെറ്റിങ്സുകൾ മാറ്റേണ്ടതില്ല. അന്താരാഷ്ട്ര കോളുകൾ വരുമ്പോൾ നമ്പറിനൊപ്പം ‘ഇന്റർനാഷണൽ കോൾ’ എന്നും കാണിക്കും.










