തിരുവനന്തപുരം: മലനിരകളും കായലുകളും കടൽത്തീരങ്ങളും ചേർന്ന സമശീതോഷ്ണ സമൃദ്ധിയിൽ ചാലിച്ചെടുത്ത പ്രകൃതിസൗന്ദര്യവുമായി ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന് ഇന്ന് സപ്തതി. 1956 നവംബർ ഒന്നിന് രൂപീകൃതമായ കൊച്ചു കേരളം ഇന്ന് 70-ാം പിറന്നാൾ നിറവിലാണ്. ഭരണഘടനയിലെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ (Keralam) എന്ന് ഭേദഗതി ചെയ്ത ശേഷമുള്ള ആദ്യത്തെ കേരളപ്പിറവി എന്ന സവിശേഷത കൂടിയുണ്ട് ഇത്തവണത്തെ ദിനാഘോഷത്തിന്
ഐക്യകേരള പ്രസ്ഥാനത്തിന്റെ ദീർഘകാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ, ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോഴാണ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ ഒന്നിച്ച് ചേർന്ന് ഇന്നത്തെ കേരളം രൂപംകൊണ്ടത്. ഫസൽ അലി അധ്യക്ഷനും കെ.എം. പണിക്കർ, എച്ച്.എൻ. കുൻസ്രു എന്നിവർ അംഗങ്ങളുമായ സംസ്ഥാന പുനഃസംഘടന കമ്മിഷൻ 1955 സെപ്റ്റംബറിലാണ് കേന്ദ്രത്തിന് ശുപാർശ സമർപ്പിച്ചത്. 13 മാസത്തെ കാത്തിരിപ്പിനൊടുവിൽ 1956 നവംബർ ഒന്നിന് മലയാളി എന്ന ഒറ്റ സ്വത്വത്തിൽ നമ്മൾ ഒരുമിച്ച് അണിനിരക്കുകയായിരുന്നു
പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്നും വീണ്ടെടുത്തതാണ് ഈ ഭൂവിഭാഗം എന്ന ഐതിഹ്യ പെരുമയ്ക്കൊപ്പം,അറേബ്യൻ കടലിന്റെയും പശ്ചിമഘട്ടത്തിന്റെയും നടുവിലായി സ്ഥിതിചെയ്യുന്ന ഈ പ്രകൃതിസുന്ദര ഭൂമി വിദേശ സഞ്ചാരികളെപ്പോലും നിരന്തരം അത്ഭുതപ്പെടുത്തിപ്പോരുന്നു. ഐക്യകേരള രൂപീകരണ സമയത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി, തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട് തുടങ്ങിയ തമിഴ് സംസാരിക്കുന്ന തെക്കൻ താലൂക്കുകൾ അന്നത്തെ മദ്രാസ് സംസ്ഥാനത്തിന് കൈമാറുകയും പകരം മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാറും കാസർഗോഡ് താലൂക്കും കേരളത്തോടൊപ്പം ചേർക്കപ്പെടുകയും ചെയ്തു.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, ആയുർദൈർഘ്യം തുടങ്ങിയ പ്രതിശീർഷ സൂചികകളിൽ വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന മികച്ച നേട്ടങ്ങളോടെയാണ് കേരളം 70-ാം വർഷത്തിലേക്ക് കടക്കുന്നത്.ഭാഷാടിസ്ഥാനത്തിൽ ഒരുമിച്ച മലയാളികൾ ലോകത്തിന്റെ ഏത് കോണിലായാലും ഇന്നേ ദിവസം ഒത്തുചേർന്ന് കേരളപ്പിറവി ആഘോഷമാക്കുന്നു.












