ഇസ്രായേൽ-അമേരിക്കൻ സഖ്യവുമായുള്ള സംഘർഷങ്ങൾ പാരമ്യത്തിലെത്തിനിൽക്കെ, ശത്രുക്കളുടെ ഏത് ഭീഷണിക്കും ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ അതിശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയി. ശത്രുക്കളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ ഒട്ടും വൈകാതെ ആക്രമണം അഴിച്ചുവിടണമെന്നാണ് ഇറാൻ സായുധ സേനയ്ക്ക് അദ്ദേഹം നൽകിയിരിക്കുന്ന കർശന നിർദേശം.
തന്റെ ഔദ്യോഗിക ടെലഗ്രാം അക്കൗണ്ടിലൂടെയായിരുന്നു മൊജ്താബ ഖമനേയിയുടെ പ്രഖ്യാപനം. ഇറാന്റെ തിരിച്ചടിക്ക് ഒരുവിധത്തിലുള്ള അതിർത്തികളോ ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളോ ഉണ്ടാകില്ലെന്നും ഏതെങ്കിലും പ്രത്യേക മേഖലയിൽ മാത്രം അത് ഒതുങ്ങി നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുക്കൾ വീണ്ടും ആക്രമണത്തിനോ ഭീകരപ്രവർത്തനങ്ങൾക്കോ തുനിഞ്ഞാൽ, ആ യുദ്ധം എപ്പോൾ, എങ്ങനെ അവസാനിപ്പിക്കണമെന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സൈന്യവും ഇറാനിലെ ജനങ്ങളുമായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മേഖലയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങൾക്ക് തടയിടുന്നതിന്റെ ഭാഗമായി ആക്രമിക്കേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക (Target List) പുതുക്കാനും സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. അമേരിക്കൻ, ഇസ്രായേൽ സേനകളുടെ ഭൗതികവും ഡിജിറ്റലുമായ എല്ലാ തന്ത്രപ്രധാന ആസ്തികളും ഇറാന്റെ ആക്രമണ പരിധിയിൽ കൊണ്ടുവരണമെന്നാണ് നിർദേശം. ഹൊർമുസ് കടലിടുക്കിലടക്കം സമീപ ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മൊജ്താബയുടെ നിലപാട് പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലേക്കാണ് തള്ളിവിടുന്നത്.











