മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ സഖ്യം. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് സഖ്യം പ്രമേയം പാസാക്കി. ഒക്ടോബർ 31ന് ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ സംഘടിപ്പിച്ച പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ പരിപാടിയിലാണ് പ്രമേയം അവതരിപ്പിച്ചത്. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ പരിപാടിയുടെ അധ്യക്ഷയായി. മല്ലികാർജുൻ ഖാർഗെ പ്രമേയം അവതരിപ്പിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
ഗ്യാനേഷ് കുമാറിനെതിരെ ആറ് പ്രധാന ആരോപണങ്ങളാണ് പ്രമേയത്തിൽ ഉന്നയിച്ചിരിക്കുന്നത്. ബിജെപിക്ക് അനുകൂലമായി തിരഞ്ഞെടുപ്പുകൾ സ്വാധീനിക്കാൻ ഗൂഢാലോചന നടത്തിയെന്നും വോട്ടർപട്ടികയിൽ അനധികൃതമായി പേരുകൾ നീക്കം ചെയ്യാനും ചേർക്കാനും അവസരം നൽകിയെന്നും പ്രതിപക്ഷം ആരോപിച്ചു. എസ്‌ഐആർ നടപടികളിലൂടെ 13.2 കോടി വോട്ടർമാരുടെ പേരുകൾ മനഃപൂർവം നീക്കം ചെയ്തെന്നാണ് സഖ്യത്തിന്റെ മറ്റൊരു ആരോപണം. ആദ്യമായി വോട്ട് ചെയ്യാൻ അർഹരായവരുടെ രജിസ്‌ട്രേഷൻ തടയുന്ന രീതിയിൽ ഫോം ആറിൽ മാറ്റങ്ങൾ വരുത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, പ്രതിപക്ഷത്തിന്റെ നീക്കത്തിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിന്റെ നിരാശയാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നാണ് ബിജെപി നേതാക്കളുടെ പരിഹാസം. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുകയാണ് പ്രതിപക്ഷമെന്നും ബിജെപി ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും നേരത്തെ പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നെങ്കിലും ഏപ്രിൽ ആറിന് സ്പീക്കറും രാജ്യസഭാ അധ്യക്ഷനും അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങൾക്കുമുന്നിൽ പ്രതീകാത്മക വിചാരണ സംഘടിപ്പിച്ചത്.








