ഇറാന്റെ ആണവനിലയങ്ങൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ അമേരിക്കൻ സഖ്യസേനയുടെ ഭാഗത്തുനിന്ന് ആണവാക്രമണത്തിനും സൈനിക നടപടികൾക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾക്ക് പിന്നാലെ പൗരന്മാർക്കായി അടിയന്തര മുൻകരുതൽ നിർദ്ദേശങ്ങളുമായി ഇറാൻ. അണുബോംബ് സ്ഫോടനവും അതിനെത്തുടർന്നുണ്ടാകുന്ന വിനാശകരമായ റേഡിയോ ആക്ടീവ് വികിരണങ്ങളും ഉണ്ടായാൽ എങ്ങനെ സ്വയം രക്ഷപ്പെടാം എന്ന് വ്യക്തമാക്കുന്ന എട്ട് മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക ബോധവൽക്കരണ വിഡിയോ ദേശീയ ടെലിവിഷൻ വഴിയാണ് ഭരണകൂടം സംപ്രേക്ഷണം ചെയ്തത്.
ആണവ സ്ഫോടനം സംഭവിച്ചാൽ അതിന്റെ അതിതീവ്രമായ വെളിച്ചത്തിലേക്ക് ഒരുകാരണവശാലും നേരിട്ട് നോക്കരുതെന്നും പെട്ടെന്ന് തന്നെ തറയിൽ കമിഴ്ന്നുകിടന്ന് മുഖവും തലയും മൂടിപ്പിടിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സ്ഫോടന തരംഗം കടന്നുപോയാൽ വൈകാതെ തന്നെ ജനലുകളിൽ നിന്നും പുറംചുവരുകളിൽ നിന്നും അകന്ന് കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിൽ സുരക്ഷിതമായി അഭയം തേടണം. ഇതിന് പുറമെ, സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പകർത്തുവാൻ നിൽക്കരുതെന്നും പുറത്തുകാണുന്ന ചർമ്മഭാഗങ്ങൾ സോപ്പും ചെറുചൂടുവെള്ളവും അല്ലെങ്കിൽ നനഞ്ഞ വൈപ്പുകളും ഉപയോഗിച്ച് അടിയന്തരമായി തുടച്ചുവൃത്തിയാക്കണമെന്നും അതോടൊപ്പം എയർകണ്ടീഷണറുകളും പുറത്തുനിന്നുള്ള വായുസഞ്ചാരവും പൂർണ്ണമായി അടയ്ക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
പശ്ചിമേഷ്യയിൽ ഇസ്രായേൽ-യു.എസ് അച്ചുതണ്ടും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഉച്ചസ്ഥായിയിലെത്തിനിൽക്കുന്ന ഘട്ടത്തിലാണ് ഇത്തരം ഒരു നീക്കം ഉണ്ടായിരിക്കുന്നത്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം ഉണ്ടായേക്കുമെന്ന യു.എസ് ഭീഷണിയെത്തുടർന്ന് രാജ്യം വലിയ ജാഗ്രതയിലാണ്. ഔദ്യോഗികമായി തന്നെ ഇത്തരമൊരു അടിയന്തര ബോധവൽക്കരണ വിഡിയോ പുറത്തുവിട്ടത് മേഖലയിൽ വൈകാതെ ഒരു വൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്.












