തെൽ അവീവ്: ഇസ്രായേൽ പാർലമെന്റ് (ക്നെസെറ്റ്) തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഭരണപ്രതിസന്ധി മറികടക്കാൻ വിശാല സഖ്യസർക്കാർ രൂപീകരണ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ, രൂപീകരിക്കുന്ന പുതിയ സഖ്യസർക്കാരിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് താൻ തന്നെ തുടരുമെന്ന ശക്തമായ നിലപാടിലാണ് നെതന്യാഹു ഉറച്ചുനിൽക്കുന്നത്. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തന്റെ പാർട്ടിയായ ലിക്കുഡ് ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു ഈ നീക്കം നടത്തിയത്.
ഭീകരവാദത്തെ പിന്തുണയ്ക്കാൻ ആഗ്രഹിക്കാത്ത ഏത് പാർട്ടികളുമായും തങ്ങളുടെ ഘടകകക്ഷികളുമായും ചേർന്ന് ഒരു വിശാല ദേശീയ സർക്കാർ രൂപീകരിക്കാൻ ലിക്കുഡ് പാർട്ടി ആഗ്രഹിക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ നെതന്യാഹു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പാർട്ടി സന്നദ്ധമാണെന്നും ആദ്യ ദിവസം മുതൽ തന്നെ തങ്ങൾ വിശാല സർക്കാറിനായി നിലകൊണ്ടതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, രാജ്യത്തെ രണ്ട് അറബ് പാർലമെന്ററി പാർട്ടികളായ റാമിനെയും (Ra’am) ജോയിന്റ് ലിസ്റ്റിനെയും (Joint List) കടുത്ത ഭാഷയിൽ ലക്ഷ്യം വെച്ചാണ് നെതന്യാഹു സംസാരിച്ചത്. അറബ് പാർട്ടികളെ ആശ്രയിച്ചുകൊണ്ട് ഇസ്രായേലിൽ ഒരു സർക്കാർ അധികാരത്തിൽ വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, അത്തരം സഖ്യസാധ്യതകൾ പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും അദ്ദേഹം കുറിച്ചു. 120 അംഗ ക്നെസെറ്റിൽ ഭൂരിപക്ഷമായ 61 സീറ്റുകൾ തികയ്ക്കാൻ ഇരു മുന്നണികൾക്കും കഴിയാതെ വന്നതോടെ കേവല ഭൂരിപക്ഷം നേടാനാകാതെ ഇസ്രായേൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പുതിയ കരുനീക്കം.












