പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ എ.ഡി. അഭിരാമിനെ (17) കൊലപ്പെടുത്തിയ സംഭവം തികച്ചും ആസൂത്രിതമാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ. പോലീസ് പിടിയിലായാൽ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതി കുറ്റം മുഴുവൻ ഏറ്റെടുക്കണമെന്ന് പ്രതികൾ മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ വെളിപ്പെടുത്തി. കേസിൽ പോലീസ് നിലവിൽ അറസ്റ്റ് ചെയ്ത മൂന്ന് പേർക്ക് പുറമെ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരാൾ ബെൽറ്റ് ഉപയോഗിച്ചും മറ്റൊരാൾ കൈകൊണ്ടും ഒരുമിച്ച് കഴുത്തുഞെരിച്ചാണ് അഭിരാമിന്റെ ജീവനെടുത്തത്. മുൻ കാമുകിയുമായി തെറ്റിപ്പിരിഞ്ഞ ഒന്നാം പ്രതിക്ക്, അവളുടെ പുതിയ കാമുകന്റെ ചിത്രം ലഭിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ച വൈരാഗ്യത്തിന് കാരണം. ഈ പുതിയ കാമുകൻ കൊല്ലപ്പെട്ട അഭിരാമിന്റെ അടുത്ത സുഹൃത്തായിരുന്നു. പുതിയ കാമുകനെ തന്ത്രപരമായി സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി വകവരുത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. ഇതിനായി പ്രണയിനിയായ അനന്തയുടെ ഫോൺ ഉപയോഗിച്ച് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
എന്നാൽ അഭിരാം ഭീഷണിപ്പെടുത്തി വിളിച്ചിട്ടും സുഹൃത്ത് എത്താതിരുന്നതോടെ ആ ക്രോധം അഭിരാമിന് നേരെ തിരിയുകയും രണ്ടുപേർ ചേർന്ന് മൃഗീയമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ക്രിമിനൽ പശ്ചാത്തലമുള്ള ഗുണ്ട ഉമറിനെ വിളിച്ച് മൃതദേഹം ചാക്കിലാക്കി കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. നിയമത്തിന്റെ ആനുകൂല്യം ലഭിക്കാൻ വേണ്ടി മാത്രം പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്തത് പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.











