ടെഹ്റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വൻതോതിൽ വർധിക്കുന്നതിനിടെ, യുഎസ്-ഇസ്രയേൽ കൂട്ടുകെട്ടിന്റെ ഭാഗത്തുനിന്ന് ഇനിയൊരു ആക്രമണമുണ്ടായാൽ യുദ്ധം യൂറോപ്പിലേക്ക് വ്യാപിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസ് കടലിടുക്കിൽ വൻ സുരക്ഷാ ഭീഷണിയുയർത്തി വിലക്ക് ലംഘിച്ചെത്തിയ രണ്ട് എണ്ണക്കപ്പലുകൾ തങ്ങളുടെ മൈനിൽ തട്ടി തകർന്നതായി ഇറാൻ അവകാശപ്പെട്ടു. ഇതിന് തൊട്ടുമുമ്പ് ഖത്തറിന്റെ ഉടമസ്ഥതയിലുള്ള എൽഎൻജി കപ്പലിന് നേരെയും ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരെ വൻ സൈനിക നടപടിക്ക് യുഎസും ഇസ്രയേലും പദ്ധതിയിടുന്നുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് പശ്ചിമേഷ്യയിൽ സാഹചര്യം അതീവ ഗുരുതരമായി മാറുന്നത്.
ആക്രമണങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും ശനിയാഴ്ച നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. നെതന്യാഹുവുമായി ചർച്ച നടത്തിയത് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, സൈനിക നീക്കത്തിന് പകരം നയതന്ത്ര മാർഗത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് അമേരിക്കയുടെ മുൻഗണനയെന്നാണ് സൂചന. ഖത്തറിന്റെ മധ്യസ്ഥതയിൽ നിലവിൽ യുഎസും ഇറാനും തമ്മിൽ നടന്നു വരുന്ന രഹസ്യ ചർച്ചകൾ ഇതിന്റെ ഭാഗമാണ്. ഖത്തർ ഇടപെടൽ ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ നേരിയ ആശ്വാസകരമായ ഇടിവ് രേഖപ്പെടുത്തി. എന്നാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില പുതിയ കുതിപ്പിലാണ്. ഇത് ആഗോള ഓഹരി വിപണികളിലും വരുംദിവസങ്ങളിൽ ആവേശം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
അതിനിടെ, മേഖലയിലെ സംഘർഷം വൻകരകൾ കടക്കുമെന്ന ഭീഷണിയാണ് ഇറാൻ ഉയർത്തുന്നത്. തങ്ങളെ വീണ്ടും ആക്രമിച്ചാൽ ഇറാനിയൻ മിസൈലുകൾ യൂറോപ്യൻ രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കുമെന്ന് മുൻ വിദേശകാര്യമന്ത്രി മനോച്ചർ മുത്തകി വ്യക്തമാക്കി. ആക്രമണം നേരിട്ടാൽ പശ്ചിമേഷ്യൻ അതിർത്തികൾക്ക് പുറത്തേക്ക് തിരിച്ചടി വ്യാപിപ്പിക്കാൻ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി സൈന്യത്തിന് കടുത്ത നിർദേശം നൽകിക്കഴിഞ്ഞു. ട്രംപിനും യുഎസ് ഭരണകൂടത്തിനും വരുന്ന ചൊവ്വാഴ്ച നടക്കുന്ന ജനവിധി നിർണായകമാകുമ്പോൾ, പശ്ചിമേഷ്യയിലെ ഓരോ നീക്കവും ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.












