കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടതുകൊണ്ടാണ് ഡൽഹിയിൽ ‘ഇൻഡി’ സഖ്യം സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ നിന്നും റാലിയിൽ നിന്നും മുസ്ലിം ലീഗിനെ കോൺഗ്രസ് പൂർണ്ണമായും തഴഞ്ഞതെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ട് ലീഗ് വാങ്ങി കൂട്ടിയ എട്ടിന്റെ പണിയാണ് ഡൽഹിയിൽ കണ്ടതെന്നും ഇത് എല്ലാവർക്കും വലിയൊരു പാഠമാണെന്നും ജലീൽ പരിഹസിച്ചു.
അയൽക്കാരന്റെ വീട്ടിലെ സ്വത്തുതർക്കത്തിൽ ആവശ്യമില്ലാതെ ഇടപെട്ടാൽ പണി ഡൽഹിയിൽ കിട്ടുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ലീഗിന്റെ നിയമസഭാ പാർട്ടി ലീഡറായി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പകരം പി.കെ. ബഷീർ വരണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടാൽ ലീഗ് അത് അംഗീകരിക്കുമോ എന്നും ജലീൽ ചോദിച്ചു. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാന തർക്കത്തിൽ കെ.സി. വേണുഗോപാലിനെ തഴഞ്ഞ് വി.ഡി. സതീശന് ലീഗ് പരസ്യ പിന്തുണ നൽകിയ സംഭവം ചൂണ്ടിക്കാണിച്ചായിരുന്നു കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ലീഗിന്റെ ആത്മാർത്ഥതയിൽ കോൺഗ്രസിന് കടുത്ത സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്ക് എതിരായ ഒരു പ്രതിഷേധത്തിലും കാര്യക്ഷമമായി പങ്കെടുക്കാൻ ലീഗിന് താൽപ്പര്യമില്ല. ലീഗ് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെന്ന് പറയുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് വലിയ രാഷ്ട്രീയ മനോവിഷമവും തിരിച്ചടിയുമാണ് ഉണ്ടാക്കുന്നത്. ബി.ജെ.പിയോടുള്ള ലീഗിന്റെ ഈ ഒളിച്ചുകളി തിരിച്ചറിഞ്ഞതുകൊണ്ടാണ് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന മഹാറാലിയിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് പ്രസംഗിക്കാൻ പോലും കോൺഗ്രസ് അവസരം നൽകാതിരുന്നതെന്നും കെ.ടി. ജലീൽ മാധ്യമങ്ങളോട് പ്രതികരിച്ചു.











