തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്ലസ് വൺ വിദ്യാർത്ഥി എ.ഡി. അഭിരാമിനെ (17) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പുറത്തുവരുന്നത് കേട്ടുകേൾവിയില്ലാത്ത പ്രണയപ്പകയുടെയും ക്രിമിനൽ ആസൂത്രണത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ പ്രായപൂർത്തിയാകാത്ത 17കാരൻ, ഇയാളുടെ പുതിയ പെൺസുഹൃത്തായ അനന്ത (18), കൊലപാതകത്തിനും മൃതദേഹം മറവു ചെയ്യാനും സഹായിച്ച കുപ്രസിദ്ധ ഗുണ്ട ഉമർ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ 17കാരൻ ഒന്നാം പ്രതിയും ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്.
പ്രണയപ്പകയാണ് ഈ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. 17കാരനായ ഒന്നാം പ്രതി തന്റെ മുൻ കാമുകിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. തുടർന്ന് ഇയാൾ കഴക്കൂട്ടം ഗവ. ഐ.ടി.ഐ വിദ്യാർത്ഥിനിയായ അനന്തയുമായി പ്രണയത്തിലായി. എന്നാൽ, ഇതിനിടെ 17കാരന്റെ മുൻ കാമുകി തന്റെ പുതിയ കാമുകനുമൊത്തുള്ള ചിത്രങ്ങൾ ഇയാൾക്ക് ഫോണിൽ അയച്ചുകൊടുത്തു. ഈ പുതിയ കാമുകൻ കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തായിരുന്നു. തന്റെ പഴയ കാമുകി തന്നിൽ നിന്ന് അകലാൻ കാരണം ഈ യുവാവാണെന്ന് വിശ്വസിച്ച 17കാരൻ, ഇയാളെ വകവരുത്താൻ ആസൂത്രണം ചെയ്യുകയായിരുന്നു.
സുഹൃത്തായ ഈ യുവാവിനെ തന്ത്രപരമായി വിളിച്ചുവരുത്തി കൊല്ലാനായിരുന്നു പദ്ധതി. ഇതിനായി മൂന്നാം പ്രതി അനന്തയുടെ ഫോൺ ഉപയോഗിച്ച് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് അഭിരാമിനെ ഭീഷണിപ്പെടുത്തി സുഹൃത്തിനെ സംഭവസ്ഥലത്തേക്ക് വിളിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ എത്താതിരുന്നതോടെ ആ ക്രോധം അഭിരാമിന് നേരെ തിരിയുകയായിരുന്നു. തുടർന്ന് 17കാരൻ ബെൽറ്റ് ഉപയോഗിച്ച് അഭിരാമിന്റെ കഴുത്തു ഞെരിച്ച് ദാരുണമായി കൊലപ്പെടുത്തി. മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് തള്ളാൻ ഗുണ്ടയായ ഉമറിന്റെ സഹായം തേടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പ്രതികളെയും ചോദ്യം ചെയ്തു വരികയാണെന്നും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.











