കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കി നീതി ഉറപ്പാക്കുന്നതിനായി തമിഴ്നാട്ടിൽ 26 പുതിയ പോക്സോ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. 46.59 കോടി രൂപ ചെലവഴിച്ചാണ് 12 പുതിയ കോടതികളും 14 അധിക കോടതികളും സംസ്ഥാനത്ത് ഒരുക്കുന്നത്. ഇതോടെ തമിഴ്നാട്ടിലെ 47 പൊലീസിങ് ജില്ലകളിലായി പ്രവർത്തിക്കുന്ന പോക്സോ പ്രത്യേക കോടതികളുടെ ആകെ എണ്ണം 52 ആയി ഉയരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ തടസ്സമില്ലാതെ വിചാരണ നടത്താനും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വേഗത്തിൽ ഉറപ്പാക്കാനും ഈ നീക്കം സഹായിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് കോടതി സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് ഔദ്യോഗികമായി പുറത്തിറക്കിയത്. അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് അനാവശ്യമായ വൈകൽ കൂടാതെ നീതി ലഭ്യമാക്കുകയാണ് ഇതിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിന് പുറമെ മയക്കുമരുന്ന് കേസുകൾ അതിവേഗം തീർപ്പാക്കാനും വിചാരണ പൂർത്തിയാക്കാനുമായി നാല് പുതിയ എൻ.ഡി.പി.എസ് (NDPS) പ്രത്യേക കോടതികളും സർക്കാർ അനുവദിച്ചിട്ടുണ്ട്. കാഞ്ചീപുരം, തിരുവള്ളൂർ, വെല്ലൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് ഈ പുതിയ മയക്കുമരുന്ന് വിരുദ്ധ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത്. ലഹരിമുക്ത തമിഴ്നാട് എന്ന പദ്ധതിയുടെ ഭാഗമായി കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും കേസ് തീർപ്പാക്കൽ വേഗത്തിലാക്കുന്നതും തുടരുമെന്ന് അധികൃതർ അറിയിച്ചു.








