ഡൽഹി കേന്ദ്രീകരിച്ച് ‘ഇൻഡി’ സഖ്യത്തിന്റെ നേതൃത്വത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന സമര പരിപാടികളിൽ കോൺഗ്രസ് തുടർച്ചയായി അവഗണിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകാൻ പോയ ഇന്ത്യാ മുന്നണി പ്രതിനിധി സംഘത്തിൽ നിന്ന് അവസാന നിമിഷം മുതിർന്ന ലീഗ് നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ പേര് ഒഴിവാക്കിയത് മുതൽ തുടങ്ങിയ തഴയൽ ഇപ്പോഴും തുടരുകയാണെന്നാണ് ലീഗ് നേതാക്കളുടെ വികാരം.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ സംഘടിപ്പിച്ച ‘ഡൽഹി ചലോ’ മഹാറാലിയിലും ലീഗിന് അർഹമായ പ്രാധാന്യം നൽകിയില്ലെന്ന പരാതി ശക്തമാണ്. റാലിയിൽ പ്രസംഗിക്കാൻ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ ക്ഷണിക്കാതിരുന്നതും നേതാക്കളുടെ പേര് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതും ലീഗ് നേതൃത്വത്തെ അമ്പരപ്പിച്ചു. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായിരുന്നിട്ടും ദേശീയതലത്തിലെ നിർണ്ണായക പ്രതിഷേധങ്ങളിൽ നിന്ന് തങ്ങളെ മനഃപൂർവ്വം മാറ്റിനിർത്തുന്ന സമീപനമാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നതെന്നാണ് ലീഗ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കേരളത്തിലും ദേശീയതലത്തിലും കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തുമ്പോഴും ഇത്തരം അവഗണനകൾ വച്ചുപൊറുപ്പിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് പാർട്ടി നേതാക്കൾ. സംഭവത്തിൽ ലീഗ് സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ വലിയ പ്രതിഷേധത്തിലാണ്. കോൺഗ്രസ് അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ യു.ഡി.എഫിനുള്ളിലും ഇത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെച്ചേക്കും.












