വിദേശത്ത് ജോലി ചെയ്യുന്നതിനായി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹർജി നൽകിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും പരിഹാസവും. “ജയിലിൽ പോകുമ്പോൾ ഗുരുതര രോഗവും പുറത്തിറങ്ങിയാൽ സുഖവാസവും വിദേശത്ത് പോയി ജോലിയും എന്നതാണ് പലരുടെയും രീതി” എന്ന് ജസ്റ്റിസ് എ. ബദറുദീൻ വാക്കാൽ നിരീക്ഷിച്ചു. അസുഖം പറഞ്ഞ് ആശുപത്രിയിൽ കിടന്നയാൾക്ക് പുറത്തിറങ്ങിയ ഉടൻ വിദേശത്തുപോയി ജോലി ചെയ്യാൻ സാധിക്കുമെന്ന് പറയുന്നതിൽ വൻ വൈരുധ്യമുണ്ടെന്നും, കോടതിയിൽ ഇരിക്കുന്നവർക്കും ബുദ്ധിയുണ്ടെന്ന് ഓർക്കണമെന്നും ഹൈക്കോടതി തുറന്നടിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് കോടതി നാല് വർഷത്തെ കഠിനതടവിനും 30.84 ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചതിന് പിന്നാലെ ഒക്ടോബർ 15-നാണ് ഹൈക്കോടതി തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. വിദേശത്തു പോകരുത് എന്നതായിരുന്നു പ്രധാന ജാമ്യവ്യവസ്ഥകളിൽ ഒന്ന്. എന്നാൽ താൻ ഷാർജയിൽ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് മാനേജരാണെന്നും ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും കാട്ടിയാണ് തച്ചങ്കരി ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടത്. ജോലിക്കു പുറമേ ദുബായിലെ ഒരു ഐ.ടി കൺസൾട്ടൻസി സ്ഥാപനത്തിൽ പങ്കാളിയാണെന്നും വിചാരണ വേളയിലടക്കം കോടതി നിർദ്ദേശിച്ച എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഹർജി പരിഗണിക്കവേ തുടക്കം മുതൽ കോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ജയിലിൽ കിടക്കുമ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾക്ക് എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമതയുണ്ടാകുമെന്ന് കോടതി ചോദിച്ചു. കോടതിയെയും പൊതുജനങ്ങളെയും പരിഹസിക്കുന്ന ഇത്തരം വൈരുധ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
തുടർന്ന് തച്ചങ്കരിയുടെ ചികിത്സാ വിവരങ്ങളും ജയിലിലും ആശുപത്രിയിലുമായി എത്ര ദിവസം കഴിഞ്ഞു എന്നതിന്റെ പൂർണ്ണ വിവരങ്ങളും ഹാജരാക്കാൻ പൂജപ്പുര ജയിൽ സൂപ്രണ്ടിന് ഹൈക്കോടതി കർശന നിർദ്ദേശം നൽകി. കേസിൽ തച്ചങ്കരിയുടെ ഹർജി വരുന്ന വെള്ളിയാഴ്ച (നവംബർ 6) വീണ്ടും പരിഗണിക്കും.












