രാജ്യത്തെ യാത്രക്കാരുടെ യാത്രാസമയത്തിൽ വൻ വിപ്ലവത്തിന് വഴിയൊരുക്കി റെയിൽവേ ശൃംഖല അതിവേഗം നവീകരിക്കാൻ കേന്ദ്ര സർക്കാർ. കർണാടക, മഹാരാഷ്ട്ര തുടങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് രാജ്യത്തെ അടുത്ത പ്രധാന ബുള്ളറ്റ് ട്രെയിൻ പാതയായി ബെംഗളൂരു-പൂനെ റൂട്ട് വികസിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നൽകി. ബെംഗളൂരുവിൽ നിന്നുള്ള കന്നി ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത ശേഷമാണ് മന്ത്രി റെയിൽവേയുടെ ഈ വൻ വികസന പദ്ധതി വെളിപ്പെടുത്തിയത്.
ബെംഗളൂരുവിൽ നിന്ന് ആരംഭിക്കുന്ന പാത വടക്കൻ കർണാടകയിലെ ഹുബ്ബള്ളി വഴി പൂനെയിലേക്ക് നീളുന്ന രീതിയിലാണ് വിഭാവനം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തന്നെ രാജ്യത്തുടനീളം 4,000 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ 3,000 കിലോമീറ്റർ ദൈർഘ്യമുള്ള കൂടുതൽ പാതകളുടെ സാധ്യത പഠനവും വരും ഘട്ടങ്ങളിൽ നടക്കും.
ദക്ഷിണേന്ത്യൻ അതിവേഗ ശൃംഖലയുടെ ഭാഗമായി ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, അമരാവതി എന്നീ പ്രമുഖ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെഗാ ഇക്കണോമിക് ഹൈസ്പീഡ് കോറിഡോറും നിലവിൽ വരും. ഇത് യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം വെറും 73 മിനിറ്റായും (1 മണിക്കൂർ 13 മിനിറ്റ്), ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂർ 10 മിനിറ്റായും കുറയും. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് വൻ കുതിപ്പേകും.
അതിവേഗ റെയിൽ വികസനത്തിനൊപ്പം സാധാരണ യാത്രക്കാർക്കായി കൂടുതൽ വന്ദേ ഭാരത് സർവീസുകളും റെയിൽവേ ഒരുക്കുന്നുണ്ട്. ബെംഗളൂരു സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ (SMVT) നിന്ന് മുംബൈ സി.എസ്.എം.ടിയിലേക്കുള്ള 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ, ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായുള്ള ട്രാക്ക് വൈദ്യുതീകരണവും സുരക്ഷാ പരിശോധനകളും പൂർത്തിയായിക്കഴിഞ്ഞു. അതേസമയം, രാജ്യത്തെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണം ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (BEML) കേന്ദ്രത്തിൽ പുരോഗമിക്കുകയാണെന്നും മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ഇത് ഉടൻ യാഥാർത്ഥ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.










