ഇന്ത്യയിലെ ഐസിസ് (ISIS) തലവൻ ഹാരിസ് അജ്മൽ ഫാറൂഖിയെയും കൂട്ടാളിയെയും പിടികൂടി രാജ്യശ്രദ്ധ നേടിയ അസമിലെ പ്രശസ്ത ‘സൂപ്പർ കോപ്പ്’ ഗുവാഹത്തി പോലീസ് കമ്മീഷണറും അസം പോലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF) ഐ.ജിയുമായ ഡോ. പാർത്ഥ സാരഥി മഹന്തയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരമോന്നത ബഹുമതി. സ്പെഷ്യൽ ഓപ്പറേഷൻസ്, ഭീകരവിരുദ്ധ പ്രവർത്തനം, മയക്കുമരുന്ന് വേട്ട എന്നിവയിലെ മികച്ച സേവനം മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷതാ പതക് 2026’ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്. അസം പോലീസിലെ 19 ഉദ്യോഗസ്ഥർക്കാണ് ഇത്തവണ ഈ അഭിമാന പുരസ്കാരം ലഭിച്ചത്.
2023 മാർച്ച് മുതൽ അസം എസ്.ടി.എഫിന്റെ തലവനായി സേവനമനുഷ്ഠിക്കുന്ന പാർത്ഥ സാരഥി മഹന്തയുടെ നേതൃത്വത്തിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ നിരവധി ഭീകര ശൃംഖലകളെയാണ് തകർത്തത്. 2024 മാർച്ചിൽ ധുബ്രിയിൽ വെച്ച് ഐസിസ് ഇന്ത്യ തലവൻ ഹാരിസ് അജ്മൽ ഫാറൂഖി, കൂട്ടാളി അനുരാഗ് സിംഗ് എന്നിവരെ സാഹസികമായി പിടികൂടിയത് ഇദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന വഴിത്തിരിവായിരുന്നു. ഇതുകൂടാതെ മാവോയിസ്റ്റുകൾ, ഉൽഫ (ULFA-I), അൻസാറുള്ള ബംഗ്ലാ ടീം (ABT) തുടങ്ങിയ നിരോധിത സംഘടനകളിൽപ്പെട്ട 21 ഓളം പ്രമുഖരെയാണ് ഇക്കാലയളവിൽ എസ്.ടി.എഫ് അഴിക്കുള്ളിലാക്കിയത്.
പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള വ്യാജ സിം കാർഡ് ശൃംഖലയെ പുറത്തുകൊണ്ടുവന്ന ‘ഓപ്പറേഷൻ ഗോസ്റ്റ് സിം’ കേസ് അന്വേഷിച്ചതും ഇദ്ദേഹമാണ്. കേവലം ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ മാത്രമല്ല, ലഹരിമാഫിയകൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മഹന്തയുടെ നേതൃത്വത്തിൽ 59 കിലോ ഹെറോയിൻ, 9.67 ലക്ഷം സൈക്കോട്രോപ്പിക് ഗുളികകൾ, നാല് ടണ്ണോളം കഞ്ചാവ്, മെത്താംഫെറ്റാമൈൻ എന്നിവ പിടിച്ചെടുക്കുകയും 482 ലഹരി കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പോലീസ് ഓഫീസർ എന്നതിലുപരി സിനിമ, സാഹിത്യ മേഖലകളിലും പ്രശസ്തനാണ് ഡോ. പാർത്ഥ സാരഥി മഹന്ത. അസം സൈനിക തലവൻ ലചിത് ബോർഫുകന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം നിർമ്മിച്ച ‘ലചിത്: ദി വാരിയർ’ എന്ന ആനിമേഷൻ ചിത്രവും ‘ഹർഗില’ എന്ന ഡോക്യുമെന്ററിയും ദേശീയ-അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശം നേടുകയും ചെയ്തിരുന്നു. ഇന്ത്യയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡി.ലിറ്റ് (D.Litt) ബഹുമതി നേടുന്ന ആദ്യ സർവീസിലിരിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയാണ് അദ്ദേഹം. 2025-ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.










