ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിനുനേരെ ഉണ്ടായ സായുധ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഒമാൻ തീരത്തെ ലിമയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ടാണ് ഇന്ത്യൻ പതാകയേന്തിയ ‘എം.എസ്.വി അൽ ജുസൂഫി’ (MSV AL JUSUFI) എന്ന വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിൽ ആകെ 14 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റാണ് മലയാളി ഉൾപ്പെടെയുള്ള നാവികൻ മരണപ്പെട്ടത്.
സംഭവത്തെ തുടർന്ന് പശ്ചിമേഷ്യയിൽ അടിയന്തരമായി സംഘർഷം ലഘൂകരിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ സമാധാനം സ്ഥാപിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജീവൻ നഷ്ടപ്പെട്ട നാവികന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മൃതദേഹം നാട്ടിലെത്തിക്കാനും രക്ഷപ്പെട്ടവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനും ഒമാൻ ഭരണകൂടവുമായി ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അതീവ ഗൗരവകരമാണെന്ന് ഇന്ത്യ വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രപാതകളിൽ കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരവും വാണിജ്യ സുരക്ഷയും തടസ്സപ്പെടുത്തുന്ന തരത്തിൽ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ചരക്കുകപ്പലുകളും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു. തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും നാവികൻ കൊല്ലപ്പെട്ട വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ ഇന്ത്യൻ നാവികരുടെ ജീവന് ഭീഷണിയാകുന്നത് രാജ്യത്ത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.










