ദുബായ്: ഐസിസി 2022 പുരുഷ ട്വന്റി 20 ടീമിന് പിന്നാലെ വനിതാ ടീമിലും ഇന്ത്യൻ താരങ്ങളുടെ നിറസാന്നിദ്ധ്യം. സ്മൃതി മന്ഥാന, ദീപ്തി ശർമ്മ, റിച്ച ഘോഷ്, രേണുക സിംഗ് എന്നിവരാണ് ടീമിൽ ഇടം പിടിച്ച ഇന്ത്യൻ താരങ്ങൾ.
കഴിഞ്ഞ വർഷം ഇന്ത്യൻ സൂപ്പർ താരം സ്മൃതി മന്ഥാന ട്വന്റി 20 മത്സരങ്ങളിൽ നിന്നും അടിച്ചു കൂട്ടിയത് 594 റൺസാണ്. 133.48 പ്രഹരശേഷിയിൽ, 33.0 ശരാശരിയിലായിരുന്നു സ്മൃതിയുടെ റൺ വേട്ട. രണ്ട് അർദ്ധസെഞ്ച്വറികൾ നേടിയ സ്മൃതി, ഇന്ത്യയുടെ കോമണവെൽത്ത് കിരീട നേട്ടത്തിലും നിർണായക പങ്ക് വഹിച്ചിരുന്നു.
29 വിക്കറ്റുകളും 37 ശരാശരിയിൽ, 136.02 പ്രഹരശേഷിയിൽ, 370 റൺസുമാണ് ദീപ്തി ശർമ്മയുടെ സമ്പാദ്യം. ഇന്ത്യയെ ഏഷ്യാ കപ്പ് ജേതാക്കളാക്കിയതിൽ നിർണായക പങ്കുവഹിച്ച ദീപ്തിയായിരുന്നു ടൂർണമെന്റിന്റെ താരം.
18 മത്സരങ്ങളിൽ നിന്നും 259 റൺസ് നേടിയ റിച്ച ഘോഷ് ആണ് അന്താരാഷ്ട്ര ഇലവനിലെ വിക്കറ്റ് കീപ്പർ. 23.95 ശരാശരിയിൽ, 6.50 ഇക്കോണമി നിരക്കിൽ, 22 അന്താരാഷ്ട്ര ട്വന്റി 20 വിക്കറ്റുകൾ നേടിയ പ്രകടനമാണ് രേണുക സിംഗിനെ ലോക ഇലവനിൽ എത്തിച്ചത്.
ഐസിസി വനിതാ ട്വന്റി 20 ടീം: സോഫി ദെവിനെ (ക്യാപ്ടൻ), സ്മൃതി മന്ഥാന, ബെത് മൂണി, ആഷ് ഗാർഡ്നർ, തഹ്ലിയ മക്ഗ്രാത്ത്, നിദ ദർ, ദീപ്തി ശർമ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), സോഫി എക്സ്ലെസ്ടൺ, ഇനോക രണവീര, രേണുക സിംഗ്








