ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും പ്രമുഖ മാധ്യമപ്രവർത്തക നിധി റസ്ദാനും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹം ഇസ്ലാമിക വിശ്വാസ തത്വങ്ങൾക്കും ശരീഅത്ത് നിയമങ്ങൾക്കും പൂർണ്ണമായും വിരുദ്ധമാണെന്ന് ഓൾ ഇന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്‌വി ബറേൽവി. ഇസ്ലാമിക കാഴ്ചപ്പാടും ശരീഅത്ത് നിയമവും അനുസരിച്ച് ഒരു നിക്കാഹ് സാധുവാകണമെങ്കിൽ വധൂവരന്മാർ രണ്ടുപേരും നിർബന്ധമായും ഇസ്‌ലാം മതവിശ്വാസികളായിരിക്കണം. ഇവിടെ ഒമർ അബ്ദുല്ല മുസ്ലിമാണെങ്കിലും വധുവായ നിധി റസ്ദാൻ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലാത്തതിനാൽ ഈ വിവാഹത്തിന് മതപരമായ യാതൊരു സാധുതയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിക്കാഹ് ചടങ്ങുകൾക്ക് മുൻപായി നിധി റസ്ദാൻ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ഒമർ അബ്ദുല്ല തയ്യാറാകണമായിരുന്നു. ഇരുപക്ഷവും ഇസ്‌ലാം മതവിശ്വാസികളായിരിക്കണം എന്ന അടിസ്ഥാന നിബന്ധന ഇവിടെ പാലിക്കപ്പെടാത്തതിനാൽ ഇസ്‌ലാമിക തത്വങ്ങൾ പ്രകാരം ഈ വിവാഹം ‘നജായിസ്’ (അസാധു അഥവാ നിയമവിരുദ്ധം) മാത്രമാണെന്ന് റസ്‌വി തുറന്നടിച്ചു. വധു കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട ആളായതിനാൽ തന്നെ മതപരിവർത്തനം നടത്താതെ ഇസ്ലാമിക ആചാരപ്രകാരം ഇത്തരം വിവാഹം നടത്തുന്നത് വിശ്വാസപരമായ വീഴ്ചയാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ഒമർ അബ്ദുല്ലയും നിധി റസ്ദാനും വിവാഹിതരായത്. “ഒരു പുതിയ യാത്ര ആരംഭിക്കുന്നു” എന്ന കുറിപ്പോടെ ഇരുവരും ചേർന്നുള്ള വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. നാഷണൽ കോൺഫറൻസ് സർക്കാരിൽ ഒമർ അബ്ദുള്ള രാഷ്ട്രീയ പ്രതിസന്ധിയും എം.എൽ.എമാരുടെ അന്ത്യശാസനവും നേരിടുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തെ ചൊല്ലി മതനേതൃത്വത്തിൽ നിന്നും കടുത്ത വിമർശനവും വൻ വിവാദവും ഉയർന്നുവന്നിരിക്കുന്നത്.











